Skip to main content

അസന്നിഹിതരുടെ വോട്ട്; വീട്ടില്‍ വോട്ട് ചെയ്തത് 7334 പേര്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തിലെ 85 വയസ് പിന്നിട്ട മുതിര്‍ന്ന വോട്ടര്‍മാരും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരും അവരവരുടെ വീടുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്തുന്ന വീട്ടില്‍ വോട്ടില്‍ 7334 വോട്ടര്‍മാര്‍ വീടുകളില്‍ വോട്ട് ചെയ്തു. തൊടുപുഴ, ഇടുക്കി ,ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട്, കോതമംഗലം , മൂവാറ്റുപുഴ നിയോജക മണ്ഡലങ്ങളിലായി ആകെ 7848 വോട്ടുകളാണ് വീടുകളില്‍ രേഖപ്പെടുത്താനുള്ളത്. ഏപ്രില്‍ 22 വരെയുള്ള കണക്കാണിത്. 85 വയസു പിന്നിട്ടവരില്‍ 6184 പേരില്‍ 5749 പേരും ഭിന്നശേഷിക്കാരില്‍ 1664 ല്‍ 1585 വോട്ടര്‍മാരും വീട്ടില്‍ വോട്ടു ചെയ്തു.
അസി. റിട്ടേണിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ 100 ടീമുകളെയാണ് ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ നിയോഗിച്ചിട്ടുള്ളത്. രണ്ട് പോളിങ് ഓഫീസര്‍മാര്‍,മൈക്രോ ഒബ്‌സെര്‍വര്‍ , വീഡിയോഗ്രാഫര്‍, പൊലീസ് ഉദ്യോഗസ്ഥന്‍ എന്നിവരുള്‍പ്പെടുന്നതാണ് ഒരു ടീം. ബൂത്ത് ലെവല്‍ ഓഫീസര്‍മാരും സംഘത്തെ അനുഗമിക്കും. വോട്ടിങ് പ്രക്രിയയുടെ സുതാര്യത ഉറപ്പ് വരുത്തുന്നതിനായി സ്ഥാനാര്‍ത്ഥികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്കും സംഘത്തോടൊപ്പം നടപടിക്രമങ്ങള്‍ വീക്ഷിക്കാം. വോട്ടിങിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടാത്ത വിധത്തില്‍ വോട്ടിങ് നടപടികള്‍ ഫോട്ടോ,വീഡിയോ എടുത്ത് സൂക്ഷിക്കുകയും ചെയ്യും. പോസ്റ്റല്‍ ബാലറ്റ് രൂപത്തില്‍ സീല്‍ ചെയ്യപ്പെട്ട ഏഴ് നിയോജകമണ്ഡലങ്ങളിലെയും വോട്ടുകള്‍ അതത് ദിവസം തന്നെ അസി .റിട്ടേര്‍ണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഇടുക്കി കളക്ടറേറ്റിലെ സ്‌ട്രോങ്ങ് റൂമില്‍ എത്തിച്ചാകും സൂക്ഷിക്കുക .ഏപ്രില്‍ 19 വരെ ആകെ 6 ദിവസങ്ങളിലായാണ് 'വീട്ടില്‍ നിന്നും വോട്ട്' സൗകര്യം ഇടുക്കി മണ്ഡലത്തിലുണ്ടായിരുന്നത്. ഈ ദിവസങ്ങളില്‍ പട്ടികയിലുള്ള ഏതെങ്കിലും വോട്ടറെ സന്ദര്‍ശിക്കാന്‍ സാധിക്കാതെ വന്നാല്‍ 20 മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ ഒരിക്കല്‍ കൂടി ഭവന സന്ദര്‍ശനം നടത്തും. ഹോം വോട്ടിങിനുള്ള അപേക്ഷ അംഗീകരിച്ചവര്‍ക്ക് യാതൊരു കാരണവശാലും 26 ന് നടക്കുന്ന വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തില്‍ വോട്ട് ചെയ്യുന്നതിന് സാധിക്കുന്നതല്ല.
മുന്‍കൂട്ടി അപേക്ഷ നല്‍കിയ ഭിന്നശേഷിക്കാര്‍ക്കും 85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് വീട്ടില്‍ നിന്നും വോട്ടിന് ചെയ്യുന്നതിന് അവസരം ലഭിച്ചിട്ടുള്ളത്. ഏപ്രില്‍ 2 വരെ ഇതിനുള്ള അപേക്ഷ സ്വീകരിച്ചിരുന്നു. അപേക്ഷ അംഗീകരിച്ചിട്ടുള്ളവരുടെ വീട്ടില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വോട്ട് ചെയ്യുന്നതിന് സൗകര്യം ഒരുക്കുവാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവിഷ്‌ക്കരിച്ചിട്ടുള്ള പദ്ധതിയാണ് 'വീട്ടില്‍ നിന്നും വോട്ട്' (ഹോം വോട്ടിങ്) .

date