Skip to main content

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോന്നറിയാനും മറ്റാവശ്യങ്ങള്‍ക്കും ആപ്പുണ്ട് ; വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ്

വോട്ടര്‍പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോ എന്ന് നോക്കണോ? നിങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയണോ? അതോ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ എന്തുചെയ്യണം എന്നറിയാതെ കുഴങ്ങുകയാണോ?
ലോക്സഭ വോട്ടെടുപ്പിനുള്ള നാളുകള്‍ അടുക്കുമ്പോള്‍ ആവശ്യമായ വിവരങ്ങള്‍ ലഭിക്കാതെ വോട്ടര്‍മാര്‍ ആപ്പിലാകാതിരിക്കാന്‍ ആപ്പുമായെത്തിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ടര്‍ഹെല്‍പ്പ് ലൈന്‍ ആപ്പാണ് വോട്ടര്‍മാര്‍ക്ക് വേണ്ട അവശ്യവിവരങ്ങളെല്ലാം ഒറ്റ ക്ലിക്കില്‍ വിരല്‍തുമ്പില്‍ എത്തിക്കുന്നത്.
തിരഞ്ഞെടുപ്പ് സംബന്ധിച്ച സേവനങ്ങളും വിവരങ്ങളും വോട്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ ലഭിക്കാന്‍ സഹായകമാവുന്ന ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നോ ആപ്പിള്‍ ആപ് സ്റ്റോറില്‍നിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. പൗരന്മാരെ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെടുത്താനും അവര്‍ക്കാവശ്യമായ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുകയുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ലക്ഷ്യം
വോട്ടര്‍ പട്ടികയില്‍ പേര് തിരയുക, വ്യക്തിഗത വിവരങ്ങള്‍ തിരുത്തുക, വോട്ട് മറ്റൊരിടത്തേക്ക് മാറ്റുക, ഡിജിറ്റല്‍ ഫോട്ടോ വോട്ടര്‍ സ്ലിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക, വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കല്‍, വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കാന്‍ അപേക്ഷ നല്‍കല്‍, പരാതികള്‍ സമര്‍പ്പിക്കുക, അതിന്റെ സ്റ്റാറ്റസ് തിരയുക, തിരഞ്ഞെടുപ്പുഫലം അറിയല്‍, തിരഞ്ഞെടുപ്പും ഇവിഎമ്മുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിവരങ്ങളും അറിയുക തടങ്ങിയവയ്‌ക്കെല്ലാം ഈ മൊബൈല്‍ ആപ്പിന്റെ സഹായം തേടാം. വോട്ടറല്ലാത്തവര്‍ക്ക് ഫോണില്‍വരുന്ന ഒ.ടി.പി ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് രജിസ്ട്രേഷനും നടത്താം. തുടര്‍ന്ന് വ്യക്തിഗത വിവരങ്ങള്‍, ഫോണ്‍, ഇ മെയില്‍ ഐഡി, ജനനത്തീയതി, വിലാസം, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ തുടങ്ങിയവ അപ്ലോഡ് ചെയ്ത് വോട്ടറായി രജിസ്റ്റര്‍ ചെയ്യാം.

date