Skip to main content

വാനോളം തിരഞ്ഞെടുപ്പ് ആവേശം  ബലൂൺ പറത്തി സ്വീപ്പ് പ്രചാരകർ

ആലപ്പുഴ: തിരഞ്ഞെടുപ്പ് ആവേശം വാനോളം ഉയർത്തി സ്വീപ്പ് ഔദ്യോഗിക പ്രചാരകർ. വോട്ടർ ബോധവത്ക്കരണ വിഭാഗമായ സ്വീപ്പിന്റെ തിരഞ്ഞെടുപ്പു പരിപാടികളുടെ 'കലാശക്കൊട്ടി' ലാണ് ആലപ്പുഴ ലൈറ്റ് ഹൗസിൽ നിന്ന് വർണ്ണ ബലൂണുകൾ പറത്തിയത്. സ്വീപ്പിന്റെ സമാപന പരിപാടി ആലപ്പുഴ ബീച്ചിൽ ജില്ല കളക്ടർ അലക്സ് വർഗീസ്  ഉദ്ഘാടനം ചെയ്തു.

സ്വീപ്പ് ഔദ്യോഗിക പ്രചാരകരായ ആടുജീവിതം നായകൻ നജീബ്, മുൻ പോലിസ് മേധാവി ഹോർമിസ് തരകൻ എന്നിവരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് പ്രചാരണ ബലൂൺ പറത്തിയത്.  തിരഞ്ഞെടുപ്പിനെ കുറിച്ചും സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്വീപ്പിന്റെ ആഭിമുഖ്യത്തിൽ വ്യത്യസ്തമായ പരിപാടികളാണ് ജില്ലയിൽ ഒരു മാസക്കാലമായി സംഘടിപ്പിച്ചത്. കോളജുകളിൽ  വോട്ടർ രജിസ്ട്രേഷൻ ക്യാമ്പ്, പുതിയ വോട്ടർമാർക്കുള്ള  പരിശീലന പരിപാടി, സീനിയർ സിറ്റിസൺ, ഭിന്നശേഷിക്കാർ, ലൈംഗിക തൊഴിലാളികൾ, ട്രാൻസ്ജെൻഡേഴ്സ്, പട്ടികവർഗ്ഗ വിഭാഗക്കാർ തുടങ്ങി വിവിധ മേഖലകളിലുള്ളവർക്കിടയിൽ  ബോധവൽക്കരണ പരിപാടികൾ എന്നിവ സംഘടിപ്പിച്ചിരുന്നു. ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വോട്ട് വണ്ടിയും ഡിജിറ്റൽ ഡിസ്പ്ലേ വാനും സഞ്ചരിച്ച് ഇലക്ഷൻ പ്രചാരണം നടത്തി. 
അഡീഷണൽ എസ്.പി. സുരേഷ് കുമാർ, സ്വീപ്പ് നോഡൽ ഓഫീസർ ഫിലിപ്പ് ജോസഫ്, എൽ.എസ്.ജി.ഡി അസിസ്റ്റൻറ് ഡയറക്ടർ ജി.പി ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

date