Skip to main content

ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പരസ്യപ്രചാരണം അവസാനിച്ചു

ആലപ്പുഴ: 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ച പശ്ചാത്തലത്തില്‍ ഏപ്രില്‍ 24 വൈകിട്ട് ആറു മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ ആറു മണി വരെ (ഏപ്രില്‍ 27 രാവിലെ ആറു മണി) ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ മജിസ്‌ട്രേറ്റും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ അലക്‌സ് വര്‍ഗീസ് ഉത്തരവായി. 

നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍/റാലികള്‍ സംഘടിപ്പിക്കല്‍, ഉച്ചഭാഷിണി ഉപയോഗം എന്നിവ നിരോധിച്ചിട്ടുണ്ട്. ജില്ലയിലെ നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകരും പ്രചാരകരും ജില്ല വിട്ടു പോകേണ്ടതാണ്. അഭിപ്രായ വോട്ടെടുപ്പ്, പോള്‍ സര്‍വേ തുടങ്ങിയവയുടെ ഫലങ്ങള്‍ ഏതെങ്കിലും ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കുണ്ട്. പോളിംഗ് ബൂത്തില്‍ സെല്ലുലാര്‍ ഫോണ്‍ അനുവദനീയമല്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥര്‍, പോളിംഗ് ഡ്യൂട്ടിയിലവര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് അനുവദനീയമാണ്. 100 മീറ്റര്‍ ചുറ്റളവില്‍ കോഡ്‌ലെസ് ഫോണ്‍, വയര്‍ലെസ് ഫോണ്‍ എന്നിവയ്ക്കും വിലക്കുണ്ട്. പോളിംഗ് സ്റ്റേഷനുകളിലോ പോളിംഗ് സ്റ്റേഷന്‍ പരിസരത്തോ അനധികൃതമായി ആയുധങ്ങള്‍ കൈവശം വയ്ക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യുന്നതിനും വിലക്കുണ്ട്. വോട്ടെടുപ്പ് ദിവസം പോളിംഗ് സ്റ്റേഷന്റെ 200 മീറ്റര്‍ പരിധിക്കുള്ളില്‍ തിരഞ്ഞെടുപ്പ് ബൂത്ത് പാടില്ല.

date