Skip to main content

വോട്ടിംഗ് പ്രക്രിയ പൂര്‍ത്തിയായി ; ഫലപ്രഖ്യാപനംവരെ വോട്ടുകള്‍ സുരക്ഷിതം - ജില്ലാ കലക്ടര്‍

കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി എന്ന് വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ഫലപ്രഖ്യാപനദിനംവരെ വോട്ടുരേഖപ്പെടുത്തിയ യന്ത്രങ്ങളെല്ലാം സുരക്ഷിതമായിരിക്കുമെന്നും വ്യക്തമാക്കി. സെയിന്റ് അലോഷ്യസ് സ്‌കൂളില്‍ യന്ത്രങ്ങളെല്ലാം സുരക്ഷിതമായി സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റി സീല്‍ ചെയ്ത ശേഷമാണ് അറിയിപ്പ്. ഏഴു മണ്ഡലങ്ങള്‍ക്കുമായി 29 സ്‌ട്രോംഗ് റൂമുകളുണ്ട്.

കഴിഞ്ഞ ദിവസം രാവിലെ 5.30ന് മോക്‌പോളിംഗോടെ തുടങ്ങിയ വോട്ടെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ സെയിന്റ് അലോഷ്യസ് സ്‌കൂളില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയുടേയും എല്‍.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍ എന്നിവരുടെയും സാന്നിധ്യത്തില്‍ ജില്ലാ കലക്ടറുടേയും തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ അരവിന്ദ് പാല്‍ സിംഗ് സന്ധുവിന്റേയും അധ്യക്ഷതയില്‍ ചേര്‍ന്ന സ്‌ക്രൂട്ടിനിയോടെയാണ് പൂര്‍ണമായത്. സുരക്ഷാക്രമീകരണങ്ങളെല്ലാം പരിശോധിച്ച് ഉറപ്പാക്കിയാണ് യന്ത്രങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രം കൂടിയായ സ്‌കൂളില്‍ സൂക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയിലാണ് നടത്തിയതെന്ന് പൊതു നിരീക്ഷകന്‍ വിലയിരുത്തി.

അവസാനവട്ട ക്രമീകരണങ്ങളിലും പരിശോധനായോഗത്തിലും ഏഴു നിയമസഭ മണ്ഡലങ്ങളിലേയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, സിറ്റി പൊലിസ് കമ്മിഷണര്‍ വിവേക് കുമാര്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ജേക്കബ് സഞ്ജയ് ജോണ്‍, എ. ഡി. എം സി. എസ്. അനില്‍, മറ്റു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date