Skip to main content

ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ്; ചികിത്സയിലിരിക്കെ യുവതിയുടെ മരണം, റിപ്പോർട്ട് തൃപ്തികരമല്ലെന്നും വിശദറിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം

 

 

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവ ശേഷം ചികിത്സയിലിരിക്കെ യുവതി മരിച്ച സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് സമർപ്പിച്ച മറുപടി തൃപ്തികരമല്ലെന്നും കൂടുതൽ വിശദമായ റിപ്പോർട്ട് അടുത്ത സിറ്റിങ്ങിന് മുമ്പ് നൽകണമെന്നും കർശന നിർദ്ദേശം നൽകി കമ്മീഷൻ. സംസ്ഥാന ന്യൂന പക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ.എ.എ.റഷീദ് ചൊവ്വാഴ്ച ജില്ല പഞ്ചായത്ത് ഹാളിൽ നടത്തി സിറ്റിങ്ങിലാണ് നിർദ്ദേശം നൽകിയത്. അമ്പലപ്പുഴ കരൂർ സ്വദേശിനിയാണ് മരിച്ചത്. ഇക്കാര്യത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്ത് ആരോഗ്യ വകുപ്പ് സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ട്രേറ്റ്, ജില്ല പോലീസ് മേധാവി, മെഡിക്കൽ കോളേജ് സൂപ്രണ്ട്് എന്നിവർക്ക് നോട്ടീസ് നൽകുകയായിരുന്നു. മെഡിക്കൽ കോളേജ് സൂപ്രണ്ട് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും ശരിയായ ഫോറമാറ്റിൽ പോലും നൽകിയിട്ടില്ലെന്നും ഇത് പരിഹരിച്ച് കൂടുതൽ വിശദമായ റിപ്പോർട്ട് നൽകാനും കമ്മീഷൻ നിർദ്ദേശിച്ചു. ആകെ 11 കേസുകളാണ് ചൊവ്വാഴ്ച കമ്മീഷൻ പരിഗണിച്ചത്. ഇതിൽ രണ്ടു കേസുകൾ തീർപ്പാക്കി. 

കടൽത്തീരത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് ആവർ കൈവശം വച്ചിരിക്കുന്ന ഭൂമിക്ക് പട്ടയം നൽകണമെന്ന കേസിൽ ജില്ല കളക്ടറുടെ ഓഫീസ് നൽകിയ വിശദീകരണം കമ്മീഷൻ അംഗീകരിച്ചു. സി.ആർ.ഇസഡ് നിയമപ്രകാരം 100 മീറ്റർ മാറിയുള്ള സ്ഥലത്തിന് മാത്രമേ പട്ടയം നൽകാൻ കഴിയുവെന്ന് റവന്യൂ വകുപ്പ് അധികൃതർ കമ്മീഷനെ അറിയിച്ചു. മേൽപ്പടി ആവശ്യം ഉന്നയിച്ചയാൾക്ക് 60 മീറ്റർ അടുത്താണ് വീടെന്ന് വകുപ്പ് ചൂണ്ടിക്കാട്ടിയത് അംഗീകരിച്ച് കമ്മീഷൻ നടപടി അവസാനിപ്പിച്ചു.

മത്സ്യത്തൊഴിലാളി ക്ഷേമ നിധി ബോർഡിൽ അംഗത്വമുള്ള മത്സ്യത്തൊഴിലാളികൾക്ക് 60 വയസ്സിന് ശേഷവും പെൻഷന് അപേക്ഷിക്കാതെ തൊഴിൽ തുടരുന്നവർക്ക് 70 വയസ്സുവരെ വിഹിതം ഒടുക്കാവുന്നതാണെന്നും ഇത്തരക്കാർക്ക് 70 വയസ്സുവരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നും കത്തോലിക്ക മത്സ്യത്തൊഴിലാളി യൂണിയൻ സെക്രട്ടറിയുടെ പരാതിയിൽ കമ്മീഷൻ ചൂണ്ടിക്കാട്ടി.

date