Skip to main content

നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന ഓരുമുട്ടുകള്‍ അടിയന്തരമായി നീക്കും

 

 

-മഴക്കാല മുന്നൊരുക്ക യോഗം ചേര്‍ന്നു 

-പാലങ്ങള്‍ക്കടിയിലെ മാലിന്യം നീക്കം ചെയ്യും

-തീരസംരക്ഷണ നടപടികള്‍ ദ്രുതഗതിയിലാക്കും

---

ആലപ്പുഴ: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കുന്നതിനും മറ്റ് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുമായി ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. സബ് കളക്ടര്‍ സമീർ കിശൻ, എ.ഡി.എം. വിനോദ് രാജ്, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ എസ്. സന്തോഷ്‌കുമാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

 

തണ്ണീര്‍ഴമുക്കം, തോട്ടപ്പള്ളി എന്നിവിടങ്ങളിലെ ഷട്ടറുകള്‍ ആവശ്യമുളള ഘട്ടത്തില്‍ നിയന്ത്രിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ജില്ല കളക്ടര്‍ നിര്‍ദേശം നല്‍കി. നീരൊഴുക്ക് തടസ്സപ്പെടുന്ന രീതിയിലുള്ള ഓരുമുട്ടുകള്‍ അടിയന്തരമായി നീക്കം ചെയ്യാനും

തീരസംരക്ഷണത്തിനുള്ള കടല്‍ഭിത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. അടിയന്തര സാഹചര്യം ഉണ്ടായാല്‍ വീടുകളില്‍ വെള്ളം കയറുന്നത് ഒഴിവാക്കാനായി ജീയോ ബാഗുകള്‍, മണല്‍ ചാക്കുകള്‍ തുടങ്ങി താല്‍ക്കാലിക സംവിധാനം ഒരുക്കും. 

 

മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അതീവ പ്രാധാന്യത്തോടെ നടത്തണം. പാലങ്ങള്‍ക്കടിയില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടി വെള്ളപ്പൊക്കമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാന്‍ കൃത്യമായ ഇടവേളകളില്‍ മാലിന്യം നീക്കം ചെയ്യും. മഴക്കാലത്ത് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ ഒഴിവാക്കാനായി കെട്ടിടങ്ങള്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണം. സ്‌കൂളുകളുടെ ഫിറ്റ്നസ് പരിശോധനകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി. 

താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങാനാവുന്ന കെട്ടിടങ്ങള്‍ കണ്ടെത്തി ജില്ല ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു. മുന്‍വര്‍ഷങ്ങളില്‍ ക്യാമ്പിനായി ഉപയോഗിച്ചിരുന്ന സ്‌കൂളുകളിലും മറ്റു കേന്ദ്രങ്ങളും മതിയായ സജ്ജീകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്താൻ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരങ്ങളുടെ ചില്ലുകള്‍ വെട്ടിമാറ്റാനും തകരാറിലായിരിക്കുന്ന ട്രാന്‍സ്ഫോര്‍മറുകള്‍, വൈദ്യുത ലൈനുകള്‍, പോസ്റ്റുകള്‍ എന്നിവ അടിയന്തിരമായി പൂര്‍വസ്ഥിയിലാക്കി വൈദ്യുതി തടസ്സമില്ലാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കെ.എസ്.ഇ.ബിക്ക് നിര്‍ദേശം നല്‍കി. അടിയന്തിര സാഹചര്യങ്ങളില്‍ ക്യാമ്പുകള്‍ ആരംഭിക്കേണ്ടി വരുമ്പോള്‍ ഭക്ഷണ വിതരണത്തിന് ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു നല്‍കാന്‍ 

സപ്ലൈകോ, മാവേലിസ്‌റ്റോര്‍, സിവില്‍ സപ്ലൈസ്, കണ്‍സ്യൂമര്‍ ഫെഡ്, ഹോര്‍ട്ടികോര്‍പ് എന്നിവ നടപടി സ്വീകരിക്കണം. ഹൗസ്‌ബോട്ട് ഉള്‍പ്പെടെയുള്ള ജലയാനങ്ങളില്‍ മുന്‍കരുതലുകളെടുക്കാന്‍ ടൂറിസം വകുപ്പ് നടപടി സ്വീകരിക്കണം.

 

ജില്ലയിലെ മുഴുവന്‍ തോടുകളിലെയും ആറുകളിലെയും തടസങ്ങള്‍ നീക്കി നീരൊഴുക്ക് സുഗമമാക്കാന്‍ ജലസേചന വകുപ്പിനു നിര്‍ദ്ദേശം നല്‍കി. പി.ഡബ്ല്യു.ഡി. അറ്റകുറ്റപ്പണികള്‍ നടത്തേണ്ട മുഴുവന്‍ റോഡുകളും മഴക്കാലത്തിനു മുന്‍പായി തന്നെ പൂര്‍ത്തിയാക്കണം. റോഡരികിലെ ഓടകള്‍ മുഴുവനും വൃത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. 

 

അടിയന്തര സാഹചര്യങ്ങളില്‍ എല്ലാവിധ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തി ജനങ്ങളുടെ സംരക്ഷണം പോലീസും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂവും ഉറപ്പുവരുത്തണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. ശുദ്ധജല ലഭ്യത വാട്ടര്‍ അതോറിറ്റി ഉറപ്പുവരുത്തണം. കോസ്റ്റല്‍ പോലീസ് മണ്‍സൂണ്‍ കാലയളവില്‍ കടലിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിലേക്ക് ആവശ്യമായ ബോട്ടുകള്‍ സജ്ജമാക്കി കടലില്‍ പെട്രോളിങ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. മത്സ്യതൊഴിലാളികള്‍ക്കാവശ്യമായ ജാഗ്രത നിര്‍ദേശങ്ങള്‍ ഫിഷറീസ് വകുപ്പ് നല്‍കണം. കാലവര്‍ഷത്തിനു മുന്നോടിയായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചതായി ഫിഷറീസ് വകുപ്പ് അറയിച്ചു.

date