Skip to main content

എൽ ബി എസ് വനിതാ എൻജിനിയറിങ് കോളജിൽ പുതിയ വനിതാ പോളിടെക്നിക്കിന് അംഗീകാരം

* സ്ത്രീ മുന്നേറ്റത്തിന് ഊർജ്ജം പകരും: മന്ത്രി ഡോ. ബിന്ദു

സംസ്ഥാനത്ത് ഒരു വനിതാപോളിടെക്നിക് കൂടി ആരംഭിക്കാൻ എ ഐ സി ടി ഇ അംഗീകാരം നൽകി.  പൂജപ്പുര എൽ ബി എസ് വനിതാ എൻജിനിയറിങ് കോളേജിനാണ് ഈ അധ്യയന വർഷം മുതൽ വനിതകൾക്ക് മാത്രമായുള്ള പോളിടെക്നിക് ആരംഭിക്കുന്നതിന് എ ഐ സി ടി ഇ അനുമതി ലഭിച്ചത്. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിന് കൂടുതൽ ഊർജ്ജം നൽകുന്നതാണ് ഈ അംഗീകാരമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു.

ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്സിവിൽ എൻജിനിയറിങ് എന്നീ ഡിപ്ലോമ കോഴ്‌സുകൾ ആരംഭിക്കാനാണ് അനുമതി. 60 വീതം വീതം സീറ്റുകൾക്കാണ് എ.ഐ.സി.ടി.ഇ  അനുമതി നൽകിയത്.

അക്കാദമിക് രംഗത്തും ഗവേഷണ രംഗത്തും നിരന്തരം പുതുചുവടുകൾ വയ്ക്കുന്ന ഈ സ്ഥാപനത്തിൽ  പോളിടെക്നിക് ആരംഭിക്കുക വഴി സാങ്കേതികരംഗത്ത് വനിതകളുടെ തൊഴിൽ നൈപുണ്യ വികസനത്തിന് കൂടുതൽ കരുത്തേകുമെന്ന് മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കും തൊഴിലധിഷ്ഠിത സാങ്കേതിക പഠനത്തിനും പ്രത്യേക ഊന്നൽ നൽകുന്ന സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് അംഗീകാരമാണ് ഈ നേട്ടം.

ഉന്നതവിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ നൈപുണ്യമുള്ള പുതുതലമുറയെ വാർത്തെടുക്കുകയെന്നതാണ്  സർക്കാരിന്റെ ലക്ഷ്യം. ഈ ദിശയിൽ  തൊഴിൽ നൈപുണ്യമുള്ള വനിതകളെ സൃഷ്ടിക്കാനും അതിലൂടെ സ്ത്രീ ശാക്തീകരണം ഉറപ്പാക്കാനും പുതുതായി ആരംഭിക്കുന്ന വനിതാപോളിടെക്നിക്കിലൂടെ  കഴിയുമെന്നും മന്ത്രി പറഞ്ഞു.

പി.എൻ.എക്‌സ്. 1790/2024

date