Skip to main content

മഴ:പകർച്ചവ്യാധിക്കെതിരെ ഡി.എം.ഒ യുടെ ജാഗ്രത നിർദ്ദേശം

ജില്ലയിൽ ഇടവിട്ട്  മഴ പെയ്യുന്ന  സാഹചര്യത്തിൽ ഡെങ്കിപ്പനി, എലിപ്പനി പോലുള്ള പകർച്ചവ്യാധികൾക്കെതിരെ ജാഗ്രതവേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. 

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ ചിരട്ട, മുട്ടത്തോട്, വിറകുകൾ മൂടാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്, അലക്ഷ്യമായി വലിച്ചെറിയുന്ന ബോട്ടിലുകൾ- കളിപ്പാട്ടങ്ങൾ, വീടുകൾക്ക് അകത്തുള്ള മണിപ്ലാൻറ് പോലുള്ള ചെടികൾ വയ്ക്കുന്ന പാത്രങ്ങൾ, പഴയ ടയറുകൾ, ചെടിച്ചട്ടിയുടെ അടിയിലുള്ള പാത്രം, ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, വെള്ളം സംഭരിച്ചുവച്ചിരിക്കുന്ന പാത്രങ്ങൾ, നിർമ്മാണ സ്ഥലങ്ങളിലെ ടാങ്കുകൾ, വീടിന്റെ ടെറസ്സ്,  സൺഷെയ്ഡ്, പാത്തികൾ, കവുങ്ങിൻ പാള, റബ്ബർ മരങ്ങളിലെ ചിരട്ടകൾ, അടയ്ക്ക ജാതിക്ക മുതലായവയുടെ തോടുകൾ,   തുടങ്ങിയവയിൽ കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് പൊതുവേ മുട്ടയിടുന്നത്. 
അതിനാൽ വീടുകളിലെയും മറ്റു പരിസരങ്ങളിലും ഇത്തരത്തിലുള്ള ചെറിയ വെള്ളക്കെട്ടുകൾ മഴക്ക് ശേഷം നീക്കം ചെയ്യണം. ഇത്തരത്തിലുള്ള ഉറവിട നശീകരണം നടത്തുന്നതിനായി ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കണം. 
വിദ്യാഭ്യാസ സ്ഥാപനങ്ങൾ വെള്ളിയാഴ്ചയും ഓഫീസ്, കടകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ ശനിയാഴ്ചയും, വീടുകളിൽ ഞായറാഴ്ചയും ഡ്രൈ ഡേ ആചരിക്കണം. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന,  പേശികളിലും  സന്ധികളിലും വേദന, കണ്ണിനു പുറകിൽ വേദന ശരീരത്തിൽ ചെറിയ തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയെല്ലാം ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്.

എലിപ്പനി തുടക്കത്തിൽ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ സങ്കീർണതകളിലേക്കും മരണത്തിലേക്കും പോകാൻ സാധ്യതയുള്ള രോഗമാണ്.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ എലിയുടെയും മറ്റ് കന്നുകാലികളുടെയും മൂത്രം കലർന്നാണ് എലിപ്പനി പടരുന്നത്. ആയതിനാൽ കാലിൽ മുറിവ്, വിണ്ടുകീറിയ കാൽപ്പാദങ്ങൾ എന്നിവ ഉള്ളവർ കെട്ടിക്കിടക്കുന്ന മലിനജലവുമായി നേരിട്ട് സമ്പർക്കം ഇല്ലെന്ന് ഉറപ്പാക്കണം. പനി, തലവേദന, ക്ഷീണം, ശക്തമായ ശരീരവേദന, നടുവേദന, കാൽവണ്ണയിലെ പേശി വേദന കണ്ണിന് മഞ്ഞനിറം/ ചുവപ്പ് നിറം എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. മലിനജലവുമായി സമ്പർക്കത്തിൽ വരാൻ സാധ്യതയുള്ളവർ,  കൃഷിപ്പണിക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, നിർമ്മാണ പ്രവർത്തികളിൽ ഏർപ്പെട്ടിട്ടുള്ളവർ എന്നിവരും, വെള്ളം കയറിയ പ്രദേശത്തുള്ളവരും, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണം ഡോക്സിസൈക്ലിൻ പ്രതിരോധ ഗുളിക ആഴ്ച തോറും കഴിക്കണമെന്നും രോഗലക്ഷണങ്ങൾ ഉണ്ടായാൽ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ സേവനം തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

date