Skip to main content

വൈശാഖമഹോല്‍സവം;  പരിശോധനയുമായി എന്‍ഫോഴ്‌സ്‌മെന്റ്‌സ്‌ക്വാഡ്

മാലിന്യ സംസ്‌കരണ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായുള്ള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്  കൊട്ടിയൂര്‍ ഉല്‍സവ നഗരിയിലെ മുഴുവന്‍ കടകളിലും പരിശോധന നടത്തി.   മലിനജലം ശേഖരിക്കാനായി നിര്‍മ്മിച്ച കുഴിയില്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിക്ഷേപിച്ചതായി കണ്ടെത്തിയതിന് ഹോട്ടലുടമയെ സ്‌ക്വാഡ് താക്കീത് ചെയ്ത് മാലിന്യം നീക്കം ചെയ്യിപ്പിച്ചു. നാലു കടകളില്‍ നിന്നായി പിടിച്ചെടുത്ത നിരോധിത ഒറ്റത്തവണ ഉപയോഗ വസ്തുക്കള്‍ തുടര്‍ നടപടികള്‍ക്കായി കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തിന് കൈമാറി. ഹോട്ടലുകളിലും മറ്റും ജൈവ അജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് സൂക്ഷിക്കാനും അജൈവ മാലിന്യങ്ങള്‍ യൂസര്‍ഫീ നല്‍കി യഥാസമയം ഹരിത കര്‍മ്മസേനയ്ക്ക് കൈമാറാനും സ്‌ക്വാഡ് വ്യാപാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.  50 മൈക്രോണിന് മുകളില്‍ ഉണ്ടെന്ന് രേഖപ്പെടുത്തിയ കവറുകള്‍ മാത്രമേ സാധങ്ങള്‍ മുന്‍കൂട്ടി പാക്ക് ചെയ്യാന്‍ ഉപയോഗിക്കാന്‍ പാടുള്ളു. നിരോധിത ക്യാരി ബാഗിന് പകരം  തുണി, കടലാസ് സഞ്ചികളോ,90 ദിവസം കൊണ്ട് മണ്ണില്‍ അലിഞ്ഞുചേരുന്ന ബയോ ക്യാരി ബാഗുകളോ ഉപയോഗിക്കാവുന്നതാണ്. നിരോധിത ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്ന പക്ഷം ആദ്യ തവണ പതിനായിരം രൂപയും രണ്ടാം തവണ 25000 രൂപയുമാണ് പിഴ. മൂന്നാം തവണ അര ലക്ഷം രൂപ പിഴ ചുമത്തി ലൈസന്‍സ് റദ്ദാക്കുന്നതാണ് നടപടി.മാലിന്യം തരംതിരിക്കാതെ സൂക്ഷിക്കുന്നതായി കണ്ടെത്തിയാല്‍ കുറഞ്ഞ പിഴ അയ്യായിരം രൂപയുമാണ്. പരിശോധനയില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എന്‍ ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ ഇ പി സുധീഷ്, എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ കെ ആര്‍. അജയകുമാര്‍, ഷറീകുല്‍ അന്‍സാര്‍,  രമേഷ് ബാബു കൊയിറ്റി, പി എസ് ദീപക് എന്നിവര്‍ പങ്കെടുത്തു.

date