Skip to main content

മസ്തിഷ്‌ക മരണം സാക്ഷ്യപ്പെടുത്തൽ: ഡോക്ടർമാർക്കുള്ള പരിശീലനം ജൂൺ 14ന്

കേരള സ്റ്റേറ്റ് ഓർഗൺ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ മസ്തിഷ്‌ക മരണം സാക്ഷ്യപ്പെടുത്തുന്നതിന് പുതിയതായി എംപാനൽ  ചെയ്യാനുള്ള  ഡോക്ടർമാർക്കുള്ള ഏകദിന പരിശീലന പരിപാടി ജൂൺ 14ന് സംഘടിപ്പിക്കുന്നു.  തിരുവനന്തപുരം മെഡിക്കൽ കോളേജിലെ  നോളജ് സെന്ററിൽ നടക്കുന്ന പരിശീലന പരിപാടി രാവിലെ 10ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.തോമസ് മാത്യു ഉദ്ഘാടനം ചെയ്യും. കെ-സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.നോബിൾ ഗ്രേഷ്യസ് അധ്യക്ഷനാകും.

 വിവിധ ആശുപത്രികളിൽ നിന്നും പുതിയതായി മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിനായി നിർദേശിച്ച പട്ടികയിൽ ഉൾപ്പെട്ടവർക്കാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഈ പരിശീലനം പൂർത്തിയാക്കുന്ന ഡോക്ടർമാരെയാണ് മസ്തിഷ്‌ക മരണം സാക്ഷ്യപ്പെടുത്താൻ പുതിയതായി എംപാനൽ ചെയ്യുന്നത്. മസ്തിഷ്‌ക മരണത്തിന്റെ ധാർമ്മിക, നിയമപരമായ വശങ്ങൾ, മസ്തിഷ്‌ക മരണം നിർണയിക്കുന്നതിനുള്ള ക്ലിനിക്കൽ മാനദണ്ഡങ്ങൾ, മസ്തിഷ്‌ക മരണം പരിശോധിക്കുന്നതിനുള്ള പ്രായോഗിക നടപടിക്രമങ്ങൾ, കുടുംബങ്ങളുമായി മസ്തിഷ്‌ക മരണം സംബന്ധിച്ച് ആശയവിനിമയം നടത്തൽ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം. പരിശീലന പരിപാടിയിൽ വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുക്കും.

പി.എൻ.എക്‌സ്. 2242/2024

date