Skip to main content

തണ്ണീർത്തട സംരക്ഷണ ഏകദിന മേഖലാ ശിൽപശാല സംഘടിപ്പിച്ചു

എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലെ സംസ്ഥാന തണ്ണീർതട സംരക്ഷണ അതോറിറ്റിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കുമായി തണ്ണീർതടങ്ങളുടെ സംരക്ഷണ ഏകദിന ശില്പശാല സംഘടിപ്പിച്ചു.  പദ്ധതിയുടെ  പ്രാരംഭ ഘട്ടം എന്ന നിലയിൽ കർമ്മ പദ്ധതികൾ സമയബന്ധിതമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിനായാണ് ശിൽപശാല സംഘടിപ്പിച്ചത്.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ് പ്രിൻസ് ശില്പശാല ഉദ്ഘാടനം ചെയ്തു. ജൈവവൈവിദ്ധ്യം സംരക്ഷിക്കുന്നതിന് പ്രകൃതി ഒരുക്കിയിരിക്കുന്ന സംവിധാനമാണ് തണ്ണീർത്തടം. അവയുടെ സംരക്ഷണത്തിന് ശാസ്ത്രീയമായതും ആസൂത്രിതമായതുമായ ശ്രമം ഉണ്ടാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആദ്യ ഘട്ടത്തിൽ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിനെ തെരഞ്ഞെടുത്തതിൽ തൃപ്തി രേഖപ്പെടുത്തി.
കോൾ നിലങ്ങൾ, തണ്ണീർതടങ്ങൾ എന്നിവയും അവയുടെ വൃഷ്ടി പ്രദേശങ്ങളുടെ പുനരുജ്ജീവനവും, പരിസ്ഥിതിയും ജൈവവൈവിധ്യവും പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കൂടാതെ,   ചിലവുകുറഞ്ഞ പ്രകൃതി സൗഹൃദമായ പ്രവർത്തങ്ങൾ കൊണ്ട് ജലസംരക്ഷണം, മണ്ണ് സംരക്ഷണം പ്രവർത്തനങ്ങൾ എന്നിവ നിർവ്വഹിക്കണം. കാച്ച്മെന്റ് കൺസെർവേഷൻ കമ്മിറ്റി (സിസിസി ) മുഖാന്തിരമാണ് പദ്ധതി തയ്യാറക്കി പ്രവർത്തനങ്ങൾ നടത്തുക. കമ്മിറ്റികൾ ജൂലൈ 15നകം രൂപികരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ശില്പശാലയിലെ മുഖ്യ വിഷയം തണ്ണീർത്തട സംരക്ഷണ പദ്ധതി അവലോകനം എന്ന വിഷയം ശാസ്താംകോട്ട മണ്ണ് സംരക്ഷണ അസിസ്റ്റൻ്റ് ഡയറക്ടർ അരുൺകുമാർ എന്ന് അവതരിപ്പിച്ചു. ചടയമംഗലം തണ്ണീർത്തട വികസന ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ ഡോ. അനു മേരി ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, തൊഴിലുറപ്പ് എ. ഇ അഞ്ജു, റിസോഴ്സ് പേഴ്സൺ സി. ആർ ചെറിയാൻ, ലാൻഡ് യൂസ് ബോർഡ് അസി.ഡയറക്ടർ. എം ലക്ഷ്മി തുടങ്ങിയവർ ആശംസ അർപ്പിച്ചു. സോയിൽ സർവ്വെ ഡെ. ഡയറക്ടർ പ്രീതി പി സ്വാഗതവും ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ബിന്ദു മേനോൻ നന്ദിയും പറഞ്ഞു.
മുവാറ്റുപുഴ, പെരിയാർ, ചാലക്കുടി പുഴ, കരുവന്നൂർ പുഴ, കീച്ചേരി പുഴ, ഭാരതപ്പുഴ, കാഞ്ഞിരമുക്കു പുഴ എന്നീ നദികളുടെ വൃഷ്ടി പ്രദേശങ്ങൾ പദ്ധതിയിൽ ഉൾപ്പെടും. കയ്യാലകൾ, മഴക്കുഴികൾ, മരം വെച്ചുപിടിപ്പിക്കൽ, തോടു വൃത്തിയാക്കൽ, കുളം വൃത്തിയാക്കൽ, കയർ ഭൂവസ്ത്രം വിരിക്കൽ, മുള തൈകൾ വച്ചുപിടിപ്പിക്കൽ, ജൈവ തടയണകൾ, ചെറുഎൻജിനിയറിങ് എന്നിവ പദ്ധതി പ്രവർത്തനത്തിൽ ഉൾപ്പെടും. ഹെക്ടറിന് 35,000 രൂപ എന്ന തോതിൽ 100 % സബ്സിഡിയോടെയാണ് പ്രവർത്തനങ്ങൾ നടപ്പിലാക്കുക.
തൃശൂർ ജില്ലയിലെ മറ്റത്തൂർ, കോടശ്ശേരി, വരന്തരപ്പള്ളി, പാലക്കാട് ജില്ലയിലെ തൃത്താല, ചിറ്റൂർ, എറണാകുളം ജില്ലയിലെ മൂവ്വാറ്റുപുഴ, പാമ്പാക്കുട എന്നീ പ്രദേശങ്ങളിലെ തണ്ണീർത്തടങ്ങളാണ് ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്തിട്ടുള്ളത്.

date