Skip to main content

കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കണം: സ്പീക്കർ എ എൻ ഷംസീർ

പ്രവാസി നയ രൂപീകരണത്തിന് ഒരു സർക്കാരിന് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്നു ലോക കേരള സഭയിലൂടെ കേരളം ലോകത്തിനു കാണിച്ചു കൊടുക്കുകയാണെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. നിയമസഭയിൽ നാലാം ലോക കേരള സഭയോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസി സമൂഹത്തെ ബാധിച്ച അഗാധമായ ദുരന്തത്തിന്റെ നിഴലിലാണ് ഈ ഒത്തുചേരലെന്ന് അദ്ദേഹം പറഞ്ഞു. ഓരോ കുടിയേറ്റ തൊഴിലാളിയും കേവലം വ്യക്തികൾ മാത്രമല്ല, നമ്മുടെ സമ്പദ് വ്യവസ്ഥയുടെ പരിപാലകർ കൂടിയാണ്. നയരൂപ കർത്താക്കൾ എന്ന നിലയിൽ ഈ ദുരന്തം കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷയും അവകാശങ്ങളും  ഉറപ്പാക്കണമെന്ന അടിയന്തര ആവശ്യത്തെ അടിവരയിടുന്നു. കർശനമായ സുരക്ഷാ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനും വിദേശത്തു മികച്ച തൊഴിൽ സാഹചര്യം നടപ്പാക്കുന്നതിനും കൂടുതൽ സാമൂഹിക സുരക്ഷാ പദ്ധതികൾ വിഭാവനം ചെയ്യുന്നതിനും ലോക കേരള സഭയുടെ കൂട്ടായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി നടത്തേണ്ടതുണ്ട്.

ഓരോ മലയാളിയും പലതരം വെല്ലുവിളികൾ അതിജീവിച്ചാണ് കേരളത്തിന് പുറത്ത് സ്വന്തമായി ഒരിടം കണ്ടെത്തുന്നത്. ഓരോ സ്ഥലത്തും അവർ  ഒരു കേരളം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 103 രാജ്യങ്ങളിൽ നിന്നും 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രവാസി മലയാളികളാണ് ഇത്തവണത്തെ ലോകകേരള സഭയുടെ ഭാഗമാകുന്നത്.

പി.എൻ.എക്‌സ്. 2284/2024

date