Skip to main content

ചേർത്തു നിർത്താം വയോജനങ്ങളെ... ഉറപ്പാക്കാം നീതി...

വയോജനങ്ങളോടുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ ദിനാചരണം ഇന്ന് ( ജൂൺ 15 ) ജില്ലയിൽ വിവിധയിടങ്ങളിലായി സംഘടിപ്പിക്കുകയാണ്. ഈ ദിനത്തിൽ വയോജനങ്ങൾക്ക് പ്രയോജനം ലഭ്യമാക്കുന്ന ചില സർക്കാർ പദ്ധതികളെക്കുറിച്ച് ചുവടെ സൂചിപ്പിക്കുന്നു.

 

മന്ദഹാസം പദ്ധതി

 

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അർഹരായ വയോജനങ്ങൾക്ക് സൗജന്യമായി കൃത്രിമ ദന്തനിര നൽകുന്ന പദ്ധതി.പല്ലുകൾ പൂർണ്ണമായും നഷ്ടപ്പെട്ടവരും, ഭാഗീകമായി നഷ്ടപ്പെട്ട് അവശേഷിക്കുന്നവ ഉപയോഗയോഗ്യമല്ലാത്ത അവസ്ഥയിലുള്ളവർക്കും അപേക്ഷിക്കാം. സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോർട്ടലിൽ ദന്തഡോക്ടറുടെ നിശ്ചിത മാത്രകയിലുള്ള സർട്ടിഫിക്കറ്റ് സഹിതം (suneethi.sjd.kerala.gov.in) അപേക്ഷ സമർപ്പിക്കാവുന്നതാണ്. ദന്തഡോക്ടറുടെ സർട്ടിഫിക്കറ്റ് മാതൃക സാമൂഹിക നീതി വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

 

സായംപ്രഭാ ഹോം പദ്ധതി

 

മുതിർന്ന പൗരന്മാർക്കായുള്ള പഞ്ചായത്തുതല സേവനകേന്ദ്രം. 60 വയസ്സു കഴിഞ്ഞവർക്ക് പകൽ ഒത്തുകൂടുന്നതിന് ഈ സൗകര്യം ഉപയോഗിക്കാം. മാനസിക-ശാരീരിക ഉല്ലാസത്തിന് ഉതകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ഒറ്റപ്പെടൽ ഒഴിവാക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന പകൽ വീടുകൾക്ക് സായംപ്രഭാ പദ്ധതിയിൽ ഉൾപ്പെടുത്തി സാമൂഹ്യനീതി വകുപ്പ് സേവനങ്ങൾ നൽകി വരുന്നു.

 

വയോമധുരം പദ്ധതി

 

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ബി.പി.എൽ വിഭാഗത്തിൽപ്പെട്ട പ്രമേഹ രോഗികളായ വയോജനങ്ങൾക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിർണ്ണയിക്കുന്ന ഗ്ലൂക്കോമീറ്റർ, ടെസ്റ്റ് സ്ട്രിപ്പ് എന്നിവ സൗജന്വമായി നൽകുന്ന പദ്ധതി. പ്രമേഹ രോഗിയാണെന്ന് സർക്കാർ ഡോക്ടർ സാക്ഷ്യപ്പെടുത്തിയ രേഖ നിർബന്ധം സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോർട്ടലിൽ (suneethi.sjd.kerala.gov.in) അപേക്ഷ സമർപ്പിക്കാവുന്നതാണ്.

 

വയോരക്ഷ പദ്ധതി

 

മറ്റാരും സംരക്ഷിക്കൻ ഇല്ലാത്ത സാമൂഹിക, സാമ്പത്തിക ശാരീരികമായ ബുദ്ധിമുട്ട് അനുഭവിക്കുന്ന മുതിർന്ന പൗരന്മാർക്ക് അടിയന്തിര സാഹചര്യങ്ങളിൽ സഹായം ലഭ്യമാക്കുന്നതിനുള്ള പദ്ധതി. 

ഉപേക്ഷിക്കപ്പെട്ടതോ, സംരക്ഷിക്കാൻ ബന്ധുക്കൾ ഇല്ലാത്തവരോ ആയ വയോജനങ്ങൾക്ക് അടിയന്തിര പ്രാഥമിക ശുശ്രൂഷ നൽകൽ, അടിയന്തിര ശസ്ത്രക്രിയ, ആംബുലൻസ്, പുനരധിവാസം, കെയർഗിവർമാരുടെ സേവനം, സഹായ ഉപകരണങ്ങൾ എന്നീ സേവനങ്ങൾ പദ്ധതി പ്രകാരം ലഭ്യമാകും. 

 

മേൽ പറഞ്ഞ സേവനങ്ങൾ ലഭിയ്ക്കുന്നതിന് ജില്ലാ സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടുക. 

 

വയോ അമൃതം പദ്ധതി

 

സാമൂഹിക നീതി വകുപ്പിന്  കീഴിലുള്ള സർക്കാർ വൃദ്ധസദനങ്ങളിലെ താമസക്കാർക്ക് ആയുർവ്വേദ ചികിത്സ നൽകുന്ന പദ്ധതി.

 

കേരള സാമൂഹിക സുരക്ഷാമിഷൻ വയോമിത്രം പദ്ധതി

 

സാമൂഹികസുരക്ഷാ മിഷൻ വഴി മെഡിക്കൽ പരിശേധനയും, ജീവിത ശൈലി രോഗങ്ങൾക്കുള്ള മരുന്നുകളും നൽകുന്ന വയോമിത്രം പദ്ധതി നടപ്പിലാക്കുന്നു. പ്രായമുള്ളവർക്കായി മൊബൈൽ ക്ലിനിക്ക് സേവനം, പാലിയേറ്റീവ് കെയർ സപ്പോർട്ട്, വയോജന ഹെൽപ് ഡെസ്ക് തുടങ്ങിയവ ഈ സംവിധാനം വഴി നടപ്പിലാക്കുന്നു.നിലവിൽ മുൻസിപ്പൽ പ്രദേശങ്ങളാലാണ് വയോമത്രം പദ്ധതി നടപ്പിലാക്കുന്നത്.

 

വയോജന ഹെൽപ്പ് ലൈൻ 14567.

 

date