Skip to main content

വായനാപക്ഷാചരണം: ജില്ലാതല ഉദ്ഘാടനം മലപ്പുറം ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍

വായനാപക്ഷാചരണത്തിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19ന് മലപ്പുറം ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കും. രാവിലെ 10ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്യും. ജില്ലാകളക്ടര്‍ വി.ആര്‍ വിനോദ് മുഖ്യാതിഥിയാകും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
 ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് പുസ്തകാവലോകനം നടത്തും. പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19ന് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കും. കുട്ടിവായന, അമ്മവായന എന്ന പേരില്‍ വായന പ്രോത്സാഹിപ്പിക്കുന്ന പദ്ധതിക്ക് ജൂണ്‍ 19ന് തുടക്കം കുറിക്കുമെന്ന് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ കെ.പി രമേഷ് കുമാര്‍ അറിയിച്ചു. പരിപാടികളുടെ ഭാഗമായി സ്‌കൂളുകളില്‍ കുട്ടികള്‍ക്കും അമ്മമാര്‍ക്കുമായി പുസ്തകനിരൂപണ മത്സരം നടത്തും. ജൂലൈ ഏഴിനാണ് വായനാപക്ഷാചരണത്തിന്റെ സമാപന പരിപാടികള്‍ നടക്കുക.
 ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ. കെ.കെ ബാലചന്ദ്രന്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ അംഗം കെ.ജാഫര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസി.എഡിറ്റര്‍ ഐ.ആര്‍ പ്രസാദ്, സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ റഷീദ്, വിദ്യാരംഗം കണ്‍വീനര്‍ വി.വി ഇന്ദിരാദേവി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date