Skip to main content

ഓപ്പറേഷൻ ലൈഫ്: മൺസൂണിൽ 3044 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ

*107 സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തിവയ്പ്പിച്ചു

          സംസ്ഥാനത്ത് മൺസൂൺ സീസണിൽ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷ്യ സുരക്ഷാ വകുപ്പിൽ വിവിധ പേരുകളിലറിയപ്പെടുന്ന ഓപ്പറേഷനുകൾ എല്ലാം കൂടി ഓപ്പറേഷൻ ലൈഫ് എന്ന ഒറ്റ പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. പേരുകൾ ഏകീകൃതമാക്കിയതിന് ശേഷം വന്ന മൺസൂൺ സീസണിൽ ഇതുവരെ ആകെ 3044 പരിശോധനകൾ നടത്തി. 439 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 426 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി. 1820 സർവൈലൻസ് സാമ്പിളുകളും 257 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചു. ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയ 107 സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തിവയ്പ്പിച്ചു. ജൂലൈ 31 വരെ മൺസൂൺ പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

          മഴക്കാലത്ത് ഭക്ഷ്യസ്ഥാപനങ്ങളിൽ ശുചിത്വത്തിന് പ്രാധാന്യം നൽകിയാണ് പരിശോധനകൾ നടത്തുന്നത്. സ്ഥാപനങ്ങളിലെ ലൈസൻസും ജീവനക്കാരുടെ ഹെൽത്ത് കാർഡും പ്രത്യേകം പരിശോധിക്കുന്നു. കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ശുദ്ധമായ ജലം കൊണ്ടുണ്ടാക്കിയ ഐസ് മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ. അതിർത്തി ചെക്ക് പോസ്റ്റുകൾഹാർബറുകൾമാർക്കറ്റുകൾലേല കേന്ദ്രങ്ങൾഹോൾസെയിൽ മാർക്കറ്റുകൾ എന്നിവ കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നു. മത്സ്യംമാംസംപാൽപലവ്യഞ്ജനംപച്ചക്കറികൾഷവർമ്മ എന്നിവ പ്രത്യേകിച്ച് പരിശോധിക്കുന്നു. എല്ലാ സർക്കിളുകളിലേയും ഭക്ഷ്യ സുരക്ഷാ ഓഫീസർമാർ പരിശോധനകളിൽ പങ്കെടുത്തു വരുന്നു. മൊബൈൽ ടെസ്റ്റിംഗ് ലാബിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

          ഈ സർക്കാരിന്റെ കാലത്ത് ഭക്ഷ്യ സുരക്ഷാ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ വലിയ രീതിയിലാണ് ശക്തിപ്പെടുത്തിയത്. ഭക്ഷ്യ സുരക്ഷാ പരിശോധനയിലും പിഴത്തുകയിലും റെക്കോർഡ് വർധനവാണ് കഴിഞ്ഞ സാമ്പത്തിക വർഷമുണ്ടായത്. പിഴത്തുക ഇരട്ടിയായി വർധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 65,432 പരിശോധനകളാണ് നടത്തിയത്. 4.05 കോടി രൂപ പിഴ ഈടാക്കി. കഴിഞ്ഞ മേയ് മാസം മാത്രം 25.77 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്. സമഗ്രമായ പരിശോധനകൾ നടത്തുന്നതിനായി രൂപീകരിച്ച സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിൽ 448 സ്ഥാപനങ്ങളിൽ കഴിഞ്ഞ സാമ്പത്തിക വർഷം പരിശോധനകൾ നടത്തി. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമായി തുടരും. വീഴ്ചകൾ കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.

പി.എൻ.എക്‌സ്. 2301/2024

 

 

date