Skip to main content

വായന പക്ഷാചരണം; യോഗം ചേര്‍ന്നു

വായന പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എ.ഡി.എം ടി. മുരളിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജൂണ്‍ 19 ന് രാവിലെ 10 ന് തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന വായന പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിക്കും. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗ്ഗീസ് മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് മുഖ്യപ്രഭാഷണം നടത്തും. എ.ഡി.എം ടി. മുരളി വായനദിന സന്ദേശം നല്‍കും. ലൈബ്രറി കൗണ്‍സില്‍, ജില്ലാ ഭരണകൂടം, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ന് ആരംഭിച്ച് ഐ.വി ദാസിന്റെ ജന്മദിനമായ ജൂലൈ 7 ന് അവസാനിക്കുന്ന രീതിയിലാണ് വായന പക്ഷാചരണം നടത്തുന്നത്.

വായന പക്ഷാചരണത്തിന്റെ സംസ്ഥാന ഉദ്ഘാടനത്തോടനുബന്ധിച്ച് താലൂക്കുകളിലും സ്‌കൂളുകളിലും ലൈബ്രറികളിലും പ്രത്യേകം പരിപാടികള്‍ നടത്തണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. വായന പക്ഷാചരണ കാലയളവില്‍ സ്‌കൂളുകളില്‍ ക്വിസ് പ്രോഗ്രാം, പ്രസംഗം, ഉപന്യാസ രചന, വായനാ മത്സരം തുടങ്ങിയവ നടത്തണം. ലൈബ്രറി കൗണ്‍സില്‍ തയ്യാറാക്കിയ കലണ്ടര്‍ പ്രകാരമുള്ള പരിപാടികളും ഉള്‍പ്പെടുത്തണം. വായനാ പക്ഷാചരണ കാലത്തെ പ്രമുഖരുടെ ജന്മദിനവും ചരമദിനവും വിദ്യാര്‍ത്ഥികളില്‍ എത്തിക്കുന്നതിനായി സ്‌കൂള്‍ കോളേജ് തലങ്ങളില്‍ വിവിധ പരിപാടികളും നടത്തണം. സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ എല്ലാ തുടര്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളിലും വായനാ പക്ഷാചരണം സംഘടിപ്പിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.

അഡീഷണല്‍ ഡിസ്ട്രിക്ട് മജിസട്രേറ്റിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ്‌കുമാര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ ഹാരി ഫാബി, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ പ്രതിനിധികളായ പി.വി രാജു, രാമചന്ദ്രന്‍ പുതൂര്‍ക്കര, വിദ്യാഭ്യാസ വകുപ്പിലെ ജൂനിയര്‍ സൂപ്രണ്ട് സി.ജെ ജോണ്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date