Skip to main content

വിഎച്ച്എസ്ഇ മൂന്നാം അലോട്ട്‌മെന്റ് ജൂൺ 19 മുതൽ 21 വരെ

          ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്‌സുകളിലേക്കുള്ള ഒന്നാംവർഷ ഏകജാലക പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തെയും അലോട്ട്‌മെന്റ് www.vhseportal.kerala.gov.in എന്ന അഡ്മിഷൻ വെബ് സൈറ്റിൽ ജൂൺ 19 മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും.

          vhseportal ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്‌വേർഡും നൽകി ലോഗിൻ ചെയ്ത് Allotment Result എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് അലോട്ട്‌മെന്റ് വിവരങ്ങൾ മനസിലാക്കുന്നതിനും അലോട്ട്‌മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യുന്നതിനും കഴിയും. ഒന്ന്/ രണ്ട് അലോട്ട്‌മെന്റുകളിൽ താത്കാലിക പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഈ അലോട്ട്‌മെന്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്‌മെന്റ് ലെറ്റർ ആവശ്യമില്ല.

          മൂന്നാം അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തിൽ ജൂൺ 19 മുതൽ ജൂൺ 21 വൈകുന്നേരം നാലു വരെ അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ള സ്‌കൂളുകളിൽ സ്ഥിര പ്രവേശനം നേടാം. ഈ അലോട്ട്‌മെന്റിൽ താത്കാലിക പ്രവേശനം അനുവദനീയമല്ല. അതിനാൽ അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാർഥികളും ഫീസടച്ച് സ്ഥിര പ്രവേശനം നേടണം.

          അലോട്ട്‌മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥി ജൂൺ 21 വൈകിട്ട് നാലു മണിക്ക് മുമ്പ് അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ റിപ്പോർട്ട് ചെയ്ത് സ്ഥിര പ്രവേശനം നേടാതിരുന്നാൽഅഡ്മിഷൻ പ്രോസസിൽ നിന്നും പുറത്താകുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

പി.എൻ.എക്‌സ്. 2317/2024

date