ലോക കേരളസഭയിൽ ഹിറ്റായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ പവലിയൻ
തിരുവനന്തപുരത്ത് നടന്ന ലോക കേരള സഭയിൽ സ്മാർട്ട് സേവനങ്ങൾ അവതരിപ്പിച്ച് ശ്രദ്ധനേടി തദ്ദേശസ്വയംഭരണ വകുപ്പിന്റെ പവലിയൻ. നിമിഷങ്ങൾക്കുള്ളിൽ പ്രധാന സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്ത് സന്ദർശകരെ ആശ്ചര്യപ്പെടുത്തുന്ന കെ-സ്മാർട്ട് സേവനങ്ങളും അതിദാരിദ്ര്യ നിർമ്മാർജനം, ലൈഫ് മിഷൻ, മനസ്സോടിത്തിരി മണ്ണ് തുടങ്ങി പൊതുജനങ്ങൾക്ക് ഉപകാര പ്രദമാവുന്ന സേവനങ്ങളുടെ വിശദാംശങ്ങളുമായാണ് വകുപ്പ് ലോക കേരളസഭയിൽ പവലിയൻ സജ്ജീകരിച്ചത്.
ചീഫ് സെക്രട്ടറി ഡോ.വി. വേണു പവലിയൻ സന്ദർശിച്ചു. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതി, ലൈഫ് മിഷൻ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി. പവലിയനിലെത്തിയ പ്രവാസികൾ ലൈഫ് മിഷൻ, അതിദാരിദ്ര്യ നിർമാർജന പദ്ധതി, മനസ്സോടിത്തിരി മണ്ണ് പദ്ധതി തുടങ്ങിയവയ്ക്ക് സർക്കാരിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു.
ലോക കേരളസഭയിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തിയ മലയാളികൾക്ക് നാടിന്റെ സ്മാർട്ട് സേവനങ്ങൾ ആണ് തദ്ദേശസ്വയംഭരണ വകുപ്പ് പരിചയപ്പെടുത്തിയത്. കെ-സ്മാർട്ട് വഴി പൊതുജനങ്ങൾക്ക് ലഭ്യമാവുന്ന സേവനങ്ങൾ വിശദമാക്കുന്ന വീഡിയോകൾ ബ്രോഷറുകൾ എന്നിവ പവലിയനിലെ സ്റ്റാളുകൾ വഴി വിതരണം ചെയ്തു. ഇടനിലക്കാരില്ലാതെ മുഴുവൻ സർട്ടിഫിക്കറ്റുകളും ഓൺലൈനായി ലഭ്യമാക്കുന്നതിനൊപ്പം വിവിധ സേവനങ്ങൾക്കുള്ള അപേക്ഷാ ഫീസുകൾ, നികുതികൾ തുടങ്ങിയവ ഓൺലൈൻ ആയി അടയ്ക്കാനും കെ-സ്മാർട്ട് വഴി സാധിക്കുമെന്നത് വിശദമാക്കുന്ന വീഡിയോകൾ പ്രദർശിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്നവർക്കും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ സേവനങ്ങൾ ഓൺലൈനായി കെ സ്മാർട്ടിലൂടെ ലഭ്യമാവുമെന്ന വസ്തുത പ്രവാസികൾക്കും ആശ്വാസം പകരുന്നതായി.
സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തി അവരെ അതിദാരിദ്ര്യത്തിൽ നിന്നും കൈ പിടിച്ചുയർത്തുന്ന അതിദാരിദ്ര്യ നിർമാർജന പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും സ്റ്റാളിൽ നിന്നും അറിയാൻ കഴിയുന്ന വിധത്തിലായിരുന്നു ക്രമീകരണം. ലൈഫ് മിഷൻ വഴി വീടുകൾ നിർമിക്കുന്നതിനും അപേക്ഷിക്കുന്നതിനുമുള്ള നടപടിക്രമങ്ങളും സ്റ്റാളിൽ വിശദീകരിച്ചിരുന്നു.
പി.എൻ.എക്സ്. 2333/2024
- Log in to post comments