Skip to main content

കേരള ബ്രാൻഡിങിന്റെ ഭാഗമായുള്ള ആദ്യ ഷോ അമേരിക്കയിൽ സംഘടിപ്പിക്കും: മുഖ്യമന്ത്രി

കേരളത്തിന്റെ തനതു കലകളും സംസ്‌കാരവും വിദേശരാജ്യങ്ങളിൽ  പ്രദർശിപ്പിക്കുന്നതിന്റെയും ബ്രാൻഡ് ചെയ്യുന്നതിന്റെയും ഭാഗമായി കേരള കലാമണ്ഡലം വിവിധ കലകളെ കോർത്തിണക്കിയുള്ള ഷോ വിവിധ രാജ്യങ്ങളിൽ സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച് ദിവസം വരെ നീണ്ടുനിൽക്കുന്ന അവതരണോത്സവങ്ങളും ശിൽപ്പശാലകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനു കലാമണ്ഡലം പദ്ധതി തയാറാക്കിയിട്ടുണ്ട്. ആദ്യ ഷോ അമേരിക്കയിൽ സംഘടിപ്പിക്കും. കേരള കലകൾ ഓൺലൈനായി പഠിക്കുന്നതിന് അവസരവും ഒരുക്കുമെന്നു ലോക കേരള സഭാ സമ്മേളനത്തിന്റെ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. 

കുടിയേറ്റവും പ്രവാസവും ലോകം മുഴുവൻ ശക്തമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള കുടിയേറ്റവും വർധിക്കാനാണ് സാധ്യത. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ചിതറിക്കിടക്കുന്ന സമൂഹത്തിന് അതിന്റെ സംസ്‌കാരവും അസ്തിത്വവും നിലനിർത്തി മുന്നോട്ടു പോകേണ്ടതുണ്ട്. അകം കേരളവും പുറം കേരളവും തമ്മിലുള്ള ബന്ധങ്ങളുടെ ഇഴയടുപ്പം ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമേ നമ്മുടെ ഭാഷയെയും സംസ്‌കാരത്തെയും സംരക്ഷിക്കാനാവൂ. കേരളീയർ തമ്മിലുള്ള കൂട്ടായ്മകൾ വലിയ തോതിൽ ശക്തിപ്പെടുത്തണം.

ഇന്ത്യശ്രീലങ്കബംഗ്ലാദേശ്നേപ്പാൾപാകിസ്ഥാൻഫിലിപ്പൈൻസ്മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളാണ് കൂടുതലും കുടിയേറ്റ തൊഴിലാളികളെ അയയ്ക്കുന്നത്. ഈ രാജ്യങ്ങളുടെ കൂട്ടായ്മ ഉണ്ടാവണം. പരസ്പരം മത്സരിച്ചു തൊഴിൽ ചൂഷണത്തെ സഹിക്കുന്നതിനു പകരം കുടിയേറ്റ തൊഴിലാളികളോട് കൂടുതൽ ന്യായമായ സമീപനം സ്വീകരിക്കാൻ ഒരുമിച്ച് ആവശ്യപ്പെടണം. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരും മുൻകൈയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകമെങ്ങുമുള്ള പ്രവാസികൾക്ക് പരസ്പരം ആശയങ്ങൾ പങ്കുവെക്കുന്നതിനും ലോക മലയാളികളെ കൂട്ടിയിണക്കുന്നതിനുമാണ് ലോക കേരളം പോർട്ടൽ ആരംഭിച്ചിട്ടുള്ളത്. പോർട്ടലിന്റെ പ്രവർത്തനങ്ങളിൽ  പരമാവധി മലയാളികളെ ഉൾക്കൊള്ളിക്കേണ്ടതുണ്ട്. ലോക കേരളസഭയുടെ ഭാഗമായ 103 രാജ്യങ്ങളിലും വിപുലമായ പ്രചാരണം സംഘടിപ്പിച്ച് പരമാവധി മലയാളികളെ പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കാനും ആശയങ്ങൾ കൈമാറാനും പ്രവാസികൾ പ്രേരിപ്പിക്കണം. കേരളത്തിൽ  രൂപപ്പെടുന്ന സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ആവശ്യമായ മൂലധനം നൽകുന്നതിന് പ്രവാസികളായ ഏഞ്ചൽ  ഇൻവെസ്റ്റേഴ്‌സിന്റെ ഏജൻസികൾ രൂപീകരിക്കുന്നതിനുള്ള നിർദ്ദേശവും മുന്നോട്ട് വച്ചിട്ടുണ്ട്.  കേരളത്തിന്റെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ദേശീയ അന്തർദേശീയ അംഗീകാരം നേടുന്ന സന്ദർഭമാണ്. സ്റ്റാർട്ടപ്പ് മിഷനുമായി ബന്ധപ്പെട്ട് ഈ നിർദ്ദേശം നടപ്പിലാക്കാൻ ശ്രമിക്കും.

സാംസ്‌കാരിക വകുപ്പിന്റെയും വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ  എഴുത്തുകാർക്കും കലാകാരന്മാർക്കുമായി വിവിധതരം ക്യാമ്പുകൾശില്പശാലകൾ മുതലായവ സംഘടിപ്പിച്ചു വരുന്നുണ്ട്. ഇത്തരം ക്യാമ്പുകളിലും ശില്പശാലകളിലും പ്രവാസി എഴുത്തുകാർക്കും പങ്കെടുക്കാവുന്നതാണ്. പ്രവാസി എഴുത്തുകാർക്കു മാത്രമായി പ്രത്യേക സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നതും പരിഗണിക്കും. പ്രവാസി യുവതയെയും വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള യുവജനോത്സവങ്ങൾകലാപരിപാടികൾ എന്നിവ നടത്തുന്നതിന് കലാ-സാഹിത്യ അക്കാദമികളും മറ്റുമായി ആലോചിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും.

പി.എൻ.എക്‌സ്. 2335/2024

 

date