Skip to main content

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയുടെ സംക്ഷിപ്ത പുതുക്കൽ ഈ മാസം

സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്ന വാർഡുകൾ ഉൾപ്പെടെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും വാർഡ് അടിസ്ഥാനത്തിലുള്ള വോട്ടർ പട്ടികയുടെ സംക്ഷിപ്ത പുതുക്കൽ ഈ മാസം (2024 ജൂൺ) പൂർത്തിയാക്കും. കരട് വോട്ടർ പട്ടിക 06.06.2024 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭ, പാർലമെൻ്റ് തിരഞ്ഞെടുപ്പുകൾക്കും വ്യത്യസ്ത വോട്ടർ പട്ടികകൾ ആണ് ഉപയോഗിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള യോഗ്യതാ തീയതി 01.01.2024 ആണ്. 2024 ജനുവരി 1 നോ അതിന് മുൻപോ 18 വയസ്സ് തികഞ്ഞവരെ മാത്രമേ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂ. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും (ഫാറം 4) തിരുത്തലുകൾ വരുത്തുന്നതിനും (ഫാറം 6) ഒരു വാർഡിൽ നിന്നോ പോളിംഗ് സ്റ്റേഷനിൽ നിന്നോ സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7) sec.kerala.gov.in എന്ന സൈറ്റിൽ ഓൺ ലൈനായി അപേക്ഷ സമർപ്പിക്കണം. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് സംബന്ധിച്ചോ പേര് ഒഴിവാക്കുന്നത് സംബന്ധിച്ചോ ഉള്ള ആക്ഷേപങ്ങൾ ഫാറം 5 ൽ സമർപ്പിക്കണം. അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിക്കുന്ന അവസാന തീയതി 21.06.2024 ന് ആണ്.

ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ തുടർ നടപടി സ്വീകരിച്ച് 29.06.2024 ന് അപ് ഡേഷൻ പൂർത്തിയാക്കും. 01/07/2024 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ തീരുമാനത്തിനെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻ്റ് ഡയറക്ടർക്ക് അപ്പീൽ സമർപ്പിക്കാവുന്നതാണ് എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അറിയിച്ചു.

date