Skip to main content

ഡിഎൽഎഫ് ഫ്ളാറ്റ്: ഗൗരവ വിഷയം, ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി വീണാ ജോർജ്

കൊച്ചി കാക്കനാട് ഡിഎൽഎഫ് ഫ്ളാറ്റിൽ താമസിക്കുന്നവർക്ക് വയറിളക്കവും ഛർദിലും ഉണ്ടായ സാഹചര്യം ഗൗരവമുള്ള വിഷയമാണെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പൊതുജനാരോഗ്യ സംരക്ഷണ നിയമ പ്രകാരം തുടർനടപടികൾ സ്വീകരിക്കുന്നതാണ്. ഇന്നലെയാണ് ഫ്ളാറ്റിലെ ഒരാൾ നേരിട്ട് ഫോണിൽ വിളിച്ച് ഇക്കാര്യം അറിയിച്ചത്. ഉടൻ തന്നെ ആരോഗ്യ വകുപ്പ് ഡയറക്ടറെ വിളിച്ച് അടിയന്തരമായി ഇടപെടാൻ നിർദേശം നൽകി. ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഫ്ളാറ്റിലെ കുടിവെള്ളത്തിന്റെ എല്ലാ സ്രോതസുകളും പരിശോധിക്കും. രോഗബാധിതരായ വ്യക്തികൾ പല ആശുപത്രികളിൽ ചികിത്സ തേടിയത് കൊണ്ടായിരിക്കാം ഈ വിഷയം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടാത്തത്. അക്കാര്യവും അന്വേഷിക്കുന്നതാണ്. പ്രദേശത്ത് ബോധവത്ക്കരണം ശക്തിപ്പെടുത്തും. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ എന്നും മന്ത്രി അഭ്യർത്ഥിച്ചു.

പി.എൻ.എക്‌സ്. 2341/2024

date