Skip to main content

മാന്ദാമംഗലത്ത് വന്യജീവി സാന്നിധ്യം; സർവകക്ഷിയോഗം ചേർന്നു

വ്യാജ വിവരങ്ങൾ പങ്കുവയ്ക്കരുതെന്നും സോഷ്യൽ മീഡിയ ഫലപ്രദമായി ഉപയോഗിക്കണമെന്നും മന്ത്രി രാജൻ

 

മാന്ദാമംഗലത്ത് വന്യജീവി സാന്നിധ്യം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേർന്നു. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റണമെന്നും പഞ്ചായത്ത് മുൻകൈയെടുത്ത് ആർ ആർ ടി പോലുള്ള സംഘത്തെ ഉപയോഗിച്ച് ജനകീയമായി അടിക്കാടു വെട്ടിത്തെളിക്കുന്ന പ്രവർത്തികൾ നടത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. കൂടാതെ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ഫോറസ്റ്റ് അധികൃതരെയും പങ്കെടുപ്പിച്ച് ജനകീയ യോഗം ചേർന്ന് ജനങ്ങളുടെ ആശങ്കങ്ങൾ കേട്ട് പരിഹാരം കണ്ടെത്തണം. 

 

ജനവാസ മേഖലയിൽ വന്യജീവി സാന്നിധ്യം കണ്ടെത്തിയാൽ 8547601726 (മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷൻ) നമ്പറിൽ അറിയിക്കണം. ജനകീയമായി കാട് വെട്ടിതെളിക്കുന്നതിന് പുറമേ പിഡബ്ല്യുഡിക്കും പ്രവർത്തികൾ നടത്തുന്നതിന് നിർദ്ദേശം നൽകി. ഫോറസ്റ്റിന്റെ പട്രോളിംഗ് ശക്തമാക്കും. പോലീസിന്റെ സഹായവും ലഭ്യമാക്കും. കൂടാതെ ഇരുട്ടുള്ള ഇടങ്ങളിൽ വെളിച്ചം ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിക്കാനും യോഗം നിർദ്ദേശിച്ചു. കൂടുതൽ ക്യാമറകൾ സ്ഥാപിക്കുന്നതിന് പണം ആവശ്യമെങ്കിൽ എം.എൽ.എ ഫണ്ടിൽ നിന്നും ലഭ്യമാക്കും. പ്രദേശവാസികൾ ആശങ്കപ്പെടരുതെന്നും വ്യാജ വിവരങ്ങൾ പങ്കുവയ്ക്കരുതെന്നും സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള നവമാധ്യമങ്ങൾ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷനിൽ ചേർന്ന യോഗത്തിൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് അശ്വതി സുനീഷ്, എ.ഡി.എം ടി മുരളി, പട്ടിക്കാട് റെയ്ഞ്ച് ഓഫീസർ എ സി പ്രജി, ഒല്ലൂർ എസ് എച്ച് ഒ അജീഷ്, ടി കെ ശ്രീനിവാസൻ, പി ബി സുരേന്ദ്രൻ, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ എം പി സജീവ് കുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രിയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date