Skip to main content

ഇൻഫോപാർക്ക് ഫേസ് ഒന്നിൽ വേൾഡ് ട്രേഡ് സെൻററിൻറെ മൂന്നാം ടവറിന് കരാറൊപ്പിട്ടു

ഇൻഫോപാർക്ക് കൊച്ചി ഫേസ് ഒന്നിലെ ബ്രിഗേഡ് ഗ്രൂപ്പിൻറെ വേൾഡ് ട്രേഡ് സെൻറർ മൂന്നാം കെട്ടിടസമുച്ചയത്തിനായി ഇൻഫോപാർക്കും ബ്രിഗേഡ് ഗ്രൂപ്പും കരാറിൽ ഒപ്പിട്ടു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻറെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ വ്യവസായ-കയർ-നിയമമന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഐടി സെക്രട്ടറി ഡോ. രത്തൻ യു കേൽക്കർ, ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, ബ്രിഗേഡ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയർമാൻ എം ആർ ജയശങ്കർ, ജോയിൻറ് മാനേജ്മൻറ് ഡയറക്ടർ നിരുപ ശങ്കർ, ഇൻഫോപാർക്ക് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ബംഗളുരു ആസ്ഥാനമായ പ്രമുഖ കെട്ടിടനിർമ്മാതാക്കളായ ബ്രിഗേഡ് ഗ്രൂപ്പ് വേൾഡ് ട്രേഡ് സെൻററുമായി സഹകരിച്ചാണ് മൂന്നാമത്തെ ടവർ പണിയുന്നത്. 1.55 ഏക്കർ സ്ഥലത്ത് 2.6 ലക്ഷം ചതുരശ്രയടി ബിൽട്ട് അപ് സ്ഥലം പുതിയ ഓഫീസുകൾക്കായി ലഭിക്കും. ഇതിലൂടെ 2700 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ആറ് നിലകളിലെ കാർ പാർക്കിംഗ് അടക്കം പതിനാറ് നിലകളായാണ് മൂന്നാമത്തെ ടവർ വരുന്നത്. മൂന്നു വർഷം കൊണ്ട് കെട്ടിടത്തിൻറെ നിർമ്മാണം പൂർത്തീകരിക്കും. സെസ് ഇതര സ്ഥലത്താണ് കെട്ടിടം വരുന്നത്. 150 കോടി രൂപ നിക്ഷേപമാണ് ഇതിലൂടെ നടക്കുന്നത്.

ഇൻഫോപാർക്കിൽ 2016-ന് ശേഷം 583 പുതിയ കമ്പനികൾ സ്ഥാപിക്കുകയും ഇതുവരെ എഴുപത്തിനായിരത്തിൽ പരം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വേൾഡ് ട്രേഡ് സെന്ററിന്റെ മൂന്നാം ടവർ വരുന്നത് ഇൻഫോപാർക്കിലെ വികസനത്തിനു മാത്രമല്ല ഐ ടി രംഗത്ത് കേരളത്തിന്റെ കുതിപ്പിനു വേഗം കൂട്ടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇൻഫോപാർക്കിലെ നോൺ-സെസ് വിഭാഗത്തിൽ ആവശ്യക്കാരേറെയാണെന്ന് സിഇഒ സുശാന്ത് കുറുന്തിൽ പറഞ്ഞു. ബ്രിഗേഡിൻറെ പുതിയ പദ്ധതി വരുന്നതോടു കൂടി സംരംഭകരുടെ ആവശ്യം പരിഹരിക്കാൻ സാധിക്കും. ഇതിലൂടെ പ്രമുഖ കമ്പനികളെ ഇൻഫോപാർക്കിലേക്ക് ആകർഷിക്കാനുള്ള സാധ്യത ഏറുമെന്നും അദ്ദേഹം പറഞ്ഞു.

വേൾഡ് ട്രേഡ് സെൻററിൻറെ മൂന്നാം ടവറോടു കൂടി കേരളത്തിലെ ഐടി-ഐടി അനുബന്ധ കമ്പനികൾക്കായി ബ്രിഗേഡ് ഗ്രൂപ്പിൻറെ സാന്നിദ്ധ്യം വർധിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ബ്രിഗേഡ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയർമാൻ എം ആർ ജയശങ്കർ പറഞ്ഞു. ഭൂമി ലഭിക്കുകയാണെങ്കിൽ കേരളത്തിലെ പ്രവർത്തനങ്ങൾ ഇനിയും വിപുലീകരിക്കാൻ ബ്രിഗേഡ് ഗ്രൂപ്പിന് താത്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ ബ്രിഗേഡ് ഗ്രൂപ്പിൻറെ വേൾഡ് ട്രേഡ് സെൻറർ പദ്ധതിയിൽ രണ്ട് ടവറുകളാണ് ഇൻഫോപാർക്ക് കൊച്ചി ഫേസ് ഒന്നിൽ പ്രവർത്തിക്കുന്നത്. മൊത്തം 7,70,000 ചതുരശ്രയടി ബിൽട്ട് അപ് സ്ഥലമുള്ള കെട്ടിടങ്ങൾ പൂർണമായും വിവിധ കമ്പനികൾ പാട്ടത്തിനെടുത്തു കഴിഞ്ഞു. ബഹുരാഷ്ട്ര കമ്പനികളായ കെപിഎംജി, ഐബിഎം, യുഎസ്ടി, സെറോക്‌സ്, ജി10എക്‌സ്, മൈൻഡ് കർവ്, വില്യംസ് ലീ, ആസ്പയർ ഉൾപ്പെടെ 37 കമ്പനികളിലായി 8000 ലധികം ജീവനക്കാർ എ, ബി ടവറുകളിലായി ജോലി ചെയ്തു വരുന്നു.

ലോകോത്തര നിലവാരത്തിലുള്ള വർക്ക് സ്‌പേസുകൾക്ക് ഗ്രേഡ് എ അംഗീകാരവും, ലീഡ് ഗോൾഡ് സർട്ടിഫിക്കേഷനുമുണ്ട്. ഇതിനു പുറമെ ഇൻഫോപാർക്ക് കൊച്ചി ഫേസ് ഒന്നിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഫോർ പോയിൻറ്‌സ് ബൈ ഷെറാട്ടണും ബ്രിഗേഡ് ഗ്രൂപ്പിൻറെ തന്നെ ഉടമസ്ഥതയിലുള്ളതാണ്.

ഇൻഫോപാർക്കിൽ വേൾഡ് ട്രേഡ് സെൻറർ 3 വരുന്നതോടെ കമ്പനികളുടെ എണ്ണവും തൊഴിലവസരങ്ങളും വർധിക്കും.

കൂടാതെ, തിരുവനന്തപുരം ടെക്‌നോപാർക്ക് ഫേസ്-1ൽ ബ്രിഗേഡ് സ്‌ക്വയറും സജ്ജമാവുകയാണ്.

ബംഗളൂരു, ചെന്നൈ, കൊച്ചി, ഹൈദരാബാദ്, തിരുവനന്തപുരം, ദേവനഹള്ളി ഉൾപ്പടെ ദക്ഷിണേന്ത്യയിലെ ആറ് വേൾഡ് ട്രേഡ് സെൻററുകളുടെ ലൈസൻസുകളാണ് ബ്രിഗേഡ് ഗ്രൂപ്പിന് ഉള്ളത്. കഴിഞ്ഞ 38 വർഷങ്ങൾ കൊണ്ട് 300 ഓളം കെട്ടിടങ്ങളിലൂടെ വിവിധ ഉദ്ദേശ്യങ്ങൾക്കായി 90 ദശലക്ഷം ചതുരശ്രയടി സ്ഥലവും ബ്രിഗേഡ് ഗ്രൂപ്പ് പൂർത്തിയാക്കിയിട്ടുണ്ട്.

പി.എൻ.എക്സ്. 2394/2024

date