Skip to main content

ജില്ലാ റവന്യൂ അസംബ്ലിക്ക് തുടക്കമായി

റവന്യു വകുപ്പിന്റെ വിഷൻ ആന്റ് മിഷൻ 2021-26 പരിപാടിയുടെ ഭാഗമായ നാലാമത് ജില്ലാ റവന്യു അസംബ്ലിക്ക് തുടക്കമായി. മലപ്പുറം ജില്ലയുടെ റവന്യു വിഷയങ്ങളാണ് വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ ആദ്യദിവസം ചർച്ച ചെയ്തത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ, ജില്ലയിലെ എംഎൽഎമാരായ പി അബ്ദുൾ ഹമീദ് (വള്ളിക്കുന്ന്), പ്രൊഫ. അബിദ് ഹുസൈൻ തങ്ങൾ (കോട്ടക്കൽ), എ പി അനിൽകുമാർ (വണ്ടൂർ), ടി വി ഇബ്രാഹിം (കൊണ്ടോട്ടി), കുരുക്കോലി മൊയ്തീൻ (തിരൂർ), യു എ ലത്തീഫ് (മഞ്ചേരി), മഞ്ഞളാംകുഴി അലി (മങ്കട), നജീബ് കാന്തപുരം (പെരിന്തൽമണ്ണ), പി നന്ദകുമാർ (പൊന്നാനി), പി ഉബൈദുള്ള (മലപ്പുറം) തുടങ്ങിയവർ പങ്കെടുത്തു. തിരൂരങ്ങാടി എംഎൽഎ കെ പി എ മജീദ് പി ഉബൈദുള്ള മുഖാന്തിരം അവതരിപ്പിച്ച നിർദ്ദേശങ്ങളും പരിഗണനയ്‌ക്കെടുത്തു.

എംഎൽഎമാരുടെ ഡാഷ് ബോർഡുകൾ വഴി ലഭ്യമായ പരാതികൾ  പരിഹരിക്കുന്നതിനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ റവന്യു അസംബ്ലിയിൽ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി. ഭൂമി തരംമാറ്റം, പട്ടയവിതരണം, ഭൂമി ഏറ്റെടുക്കൽ പ്രശ്‌നം, വിവിധ ഓഫീസുകൾക്ക് ഭൂമി വിട്ടുനൽകൽ, റവന്യു-വില്ലേജ് ഓഫീസുകളുടെ നവീകരണം, നഷ്ടപരിഹാര വിതരണം തുടങ്ങിയ നിരവധി വിഷയങ്ങൾ എംഎൽഎമാർ ചൂണ്ടിക്കാട്ടി.

ഭൂമി തരംമാറ്റം പ്രക്രിയ ജൂലൈ ഒന്നുമുതൽ ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് റവന്യു മന്ത്രി മറുപടി നൽകി. ഓരോ താലൂക്കിലും ഡെപ്യൂട്ടി കളക്ടർമാരുടെ നേതൃത്വത്തിൽ ആയിരിക്കും നടപടികൾ. മലപ്പുറത്ത് ഏഴ് ഡെപ്യൂട്ടി കളക്ടർമാരുണ്ടാകും. ബിൽ ഗവർണർ ഒപ്പുവച്ചു ലഭിക്കാൻ വൈകിയത് ആയിരുന്നു ഭൂമി തരമാറ്റ പ്രക്രിയയെയും ബാധിച്ചിരുന്നു. വോട്ടെടുപ്പിന്റെ പിറ്റേന്ന് മുതൽ ചില ഇളവുകൾ ഇലക്ഷൻ കമ്മിഷൻ നൽകാറുണ്ടായിരുന്നു. ഇത്തവണ കേന്ദ്ര സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് വോട്ടെടുപ്പിന് ശേഷവും ഇത്തരം നടപടിക്രമങ്ങളിലേക്ക് കടക്കാനായിരുന്നില്ല. തടസങ്ങൾ നീങ്ങിയ സാഹചര്യത്തിൽ ജൂലൈയിൽ ഭൂമി തരമാറ്റ പ്രക്രിയ ആരംഭിക്കുകയാണ്. പരാതികളില്ലാത്ത വിധം കൈകാര്യം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു.

റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് കമ്മിഷണർ എ കൗശികൻ, സർവെ കമ്മിഷണർ സാംബശിവ റാവു, മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ റവന്യു അസംബ്ലിയിൽ പങ്കെടുത്തു.

പി.എൻ.എക്സ്. 2427/2024

date