Skip to main content

അനധികൃത മത്സ്യബന്ധനം: മിന്നല്‍ പരിശോധനയില്‍ തമിഴ്‌നാട് ഫൈബര്‍വള്ളം പിടിച്ചെടുത്തു

ട്രോളിങ് നിരോധന നിയമങ്ങള്‍ ലംഘിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ തമിഴ്‌നാട് രജിസ്ട്രഷന്‍ ഉള്ള യാനത്തിനെതിരേ കര്‍ശന നടപടിയെടുത്ത് ഫിഷറീസ് - മറൈന്‍ എന്‍ഫോഴ്‌സ്‌മ്മെന്റ് അധികൃതര്‍. പരമ്പരാഗത മത്സ്യതൊഴിലാളികളും ഹാര്‍ബറിലെ വിവിധ ട്രേഡ് യൂണിയന്‍ തൊഴിലാളികളും നല്‍കിയ പരാതിയില്‍ അഴീക്കോട് ഫഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എം.എഫ് പോളിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഹാര്‍ബറിലും അഴിമുഖത്തും നടത്തിയ പരിശോധനയിലാണ് കന്യകുമാരി കുളച്ചല്‍ വില്ലേജില്‍ വള്ളവിള സ്വദേശി സഹായലിബിന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ലിറ ജോ ഫൈബര്‍വഞ്ചി പിടിച്ചെടുത്തുത്.

പരിശോധനയും നടപടികളും കര്‍ശനമാക്കാന്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നു. അഴീക്കോട് മുതല്‍ കാപ്രിക്കാട് വരെയുള്ള തീരക്കടലിലും ആഴക്കടലിലും നിരീക്ഷണം ശക്തമാക്കി വരവേയാണ് നടപടി. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം 1980 (കെ എം എഫ് ആര്‍ ആക്ട് 1980) പ്രകാരം മത്സ്യബന്ധന നിരോധന നിയമങ്ങള്‍ ലംഘിച്ചതിനും, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഇല്ലാത്തതിനും, സ്രാങ്കിന് നിയമാനുസൃതം ലൈസന്‍സ് ഇല്ലാത്തതിനും കേസെടുത്ത് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു.

പ്രത്യേക പരിശോധന സംഘത്തില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് വിജിലന്‍സ് വിങ് ഉദ്യേഗസ്ഥരായ വി.എം ഷൈബു, ഇ.ആര്‍ ഷിനില്‍ കുമാര്‍, വി.എന്‍ പ്രശാന്ത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സീറെസ്‌ക്യൂ ഗാര്‍ഡ്മാരായ പ്രമോദ്, ഷഫീക്ക്, സ്രാങ്ക് റസാക്ക്, എന്‍ജിന്‍ ഡ്രൈവര്‍ റഷീദ് എന്നിവരും ഉണ്ടായിരുന്നു. ട്രോളിങ് നിരോധന സമയത്ത് ഇതര സംസ്ഥാന ബോട്ടുകള്‍, വഞ്ചികള്‍, വള്ളങ്ങള്‍ എന്നിവ ജില്ലയുടെ തീരത്ത് മീന്‍പിടിക്കാനോ, മീന്‍ ഇറക്കാനോ പാടില്ലെന്ന നിയമം പാലിക്കാത്തതിനാണ് നിയമനടപടികള്‍ എടുത്തത്. പിടിച്ചെടുത്ത ഫൈബര്‍ വഞ്ചിയിലെ മത്സ്യലേലം ചെയ്ത് ലഭിച്ച 9700 രൂപ ട്രഷറിയില്‍ അടച്ചു. പരിശോധന ശക്തമാക്കുമെന്നും അനധികൃത മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഗന്ധകുമാരി അറിയിച്ചു.

date