Skip to main content

അർബുദ അതിജീവിതർ പ്രതിസന്ധികൾ നേരിടാൻ  സമൂഹത്തിന് പ്രചോദനം : മുഖ്യമന്ത്രി 

 

ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ ധീരതയോടെ മറികടന്ന് മുന്നോട്ട് പോകുവാൻ ഓരോ മനുഷ്യനും നാടിനാകെയും  പ്രചോദനമാകുന്നതാണ്  അർബുദത്തെ അതിജീവിച്ചവരുടെ സംഗമം ആയ അമൃതം 2024 എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

 

തലശ്ശേരി നഗരസഭാ ടൗൺ ഹാളിൽ നടന്ന അമൃതം 2024  -അർബുദത്തെ അതിജീവിച്ചവരുടെ സംഗമം - ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

അർബുദത്തെ അതിജീവിച്ചവർക്ക് അവരുടെ അനുഭവങ്ങളും സന്തോഷവും പങ്കുവെക്കുവാനുള്ള വേദിയായിട്ടും  അർബുദ ചികിത്സ തേടുന്നവർക്ക് ആത്മവിശ്വാസം പകരുന്ന ഉപാധിയായിട്ടും അമൃതം മാറിയെന്നും അദ്ദേഹം പറഞ്ഞു.

 

അതിജീവനം ഉറപ്പാണെന്ന സന്ദേശം പകർന്നു നൽകിയവരാണ് ഓരോ അർബുദ അതിജീവിതരുമെന്ന് അദ്ദേഹം പറഞ്ഞു. ആ നിലയ്ക്ക് ഓരോ മനുഷ്യനും ഏത് പ്രതിസന്ധിയെയും സധൈര്യം നേരിടാനുള്ള ഊര്‍ജ്ജവും  ഭാവിജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷാനിര്‍ഭരമായ സന്ദേശവും പകര്‍ന്നു നല്‍കുന്നവരാണ് അതിജീവിത രെന്നും അദ്ദേഹം പറഞ്ഞു.

 

2001 ല്‍ എം സി സി സ്ഥാപിക്കപ്പെട്ടത് മലബാര്‍ മേഖലയിലുള്ള അര്‍ബുദ രോഗികള്‍ക്ക് വലിയ ആശ്വാസമായി മാറി.  ഇന്ന് കേരളത്തിലെ അര്‍ബുദ ചികിത്സയിലും ഗവേഷണത്തിലും അവയുമായി ബന്ധപ്പെട്ട നയരൂപീകരണത്തിലും നേതൃത്വപരമായ പങ്കുവഹിക്കുന്ന സ്ഥാപനമായി എം സി സി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനംകൊണ്ടു മാത്രം പ്രതിരോധിക്കാന്‍ കഴിയുന്നതല്ല അര്‍ബുദം പോലെയുള്ള രോഗങ്ങള്‍. അതിന് പൊതുജനങ്ങളുടെയാകെ ശക്തമായ പിന്തുണയും സഹകരണവും ആവശ്യമാണ്. നമ്മള്‍ ഓരോരുത്തരും തുടര്‍ന്നുവരുന്ന തെറ്റായ ജീവിതരീതികളില്‍ മാറ്റം വരുത്തണം. മികച്ച ആരോഗ്യപരിപാലന ശീലങ്ങള്‍ പിന്തുടരണം. ഓരോരുത്തരും അവരവരുടെ വ്യക്തിപരമായ ഉത്തരവാദിത്വമായിത്തന്നെ രോഗങ്ങളുടെ പ്രതിരോധത്തെ കാണണം. എങ്കില്‍ മാത്രമേ കേരള സമൂഹത്തിന് വലിയ ഭീഷണിയായി നിലനില്‍ക്കുന്ന രോഗങ്ങളെ നമുക്ക് ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു

 

കാന്‍സര്‍ രോഗത്തെ അതിജീവിക്കുന്ന പ്രക്രിയയില്‍  നേടിയെടുത്ത അറിവുകള്‍ പൊതു സമൂഹവുമായി പങ്കുവക്കാനും രോഗം ചെറുക്കുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും അതിജീവിതർക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

 

അർബുദത്തെ അതിജീവിച്ചവർ പൊതു സമൂഹത്തിന് മാതൃകയാണെന്നും എം സി സി ക്ക് രാജ്യത്തെ  അർബുദ ചികിത്സാ രംഗത്ത് സവിശേഷമായ സ്ഥാനമുണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

 

ഭാവിയിൽ തലശ്ശേരി അറിയപ്പെടുന്നത് എം സി സിയുടെ പേരിലായിരിക്കുമെന്നും എം സി സി യിലെ ടീമിൻ്റെ നിസ്വാർത്ഥ പ്രവർത്തനത്തിൻ്റെ ഭാഗമായാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച അർബുദ ചികിത്സ കേന്ദ്രമായി സ്ഥാപനത്തിന് മാറുവാൻ സാധിച്ചതെന്നും സ്പീക്കർ  എ എൻ ഷംസീർ പറഞ്ഞു. 2030 ആകുമ്പോഴേക്കും ലോകത്തിൻ്റെ പലഭാഗത്തുനിന്നും ആളുകൾ ചികിത്സക്കായി എത്തുന്ന സ്ഥലമായി ഈ സ്ഥാപനം മാറുമെന്നും അദ്ദേഹം പറഞ്ഞു.

 

അതിജീവിതരുടെ അനുഭവങ്ങൾ ഉൾകൊള്ളുന്ന - സായൂജ്, ആരോഗ്യ പ്രവർത്തകരുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന-  സമർപ്പൺ എന്നീ പുസ്തകങ്ങൾ  സ്പീക്കർ എ എൻ  ഷംസീറിന് നൽകി കഥാകൃത്ത് ടി പത്മനാഭൻ  പ്രകാശനം ചെയ്തു. തന്റെ ജീവിതയാത്രയിൽ  ബാധിച്ച  രോഗങ്ങളും അതിനെ  അതിജീവിച്ചതിനെയും പറ്റിയുള്ള അനുഭവങ്ങൾ ടി പത്മനാഭൻ വേദിയിൽ പങ്കുവെച്ചു. ഏത് ആതുരാലയത്തിലും ചികിത്സക്കപ്പുറം വേണ്ടത് ദയയും അനുകമ്പയും സഹകരണവുമാണെന്നും അതല്ലാതെ കേവലം മരുന്ന് കൊണ്ട് മാത്രം രോഗം മാറില്ലെന്നും അദ്ദേഹം പറഞ്ഞു. നല്ല ഡോക്ടർമാരുടെയും നഴ്സുമാരുടെയും സംഭാഷണം ശ്രവിച്ചാൽ തന്നെ രോഗത്തിൻ്റെ മുക്കാൽ ഭാഗവും മാറുമെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടർമാർ മുതൽ സ്വീപ്പർമാർ വരെ എം സി സി യുടെ വിജയത്തിന് അങ്ങേയറ്റം ത്യാഗബുദ്ധിയോടെ പ്രവർത്തിക്കുന്നവാരാണെന്നും അദ്ദേഹം പറഞ്ഞു.

 

മലബാർ കാൻസർ സെന്റർ, ജില്ലാ പഞ്ചായത്ത് , തലശ്ശേരി നഗരസഭ , കണ്ണൂർ ജില്ലാ കാൻസർ കൺട്രോൾ കൺസോർഷ്യം എന്നിവരുടെ ആഭിമുഖ്യത്തിലാണ്  പരിപാടി സംഘടിപ്പിച്ചത്. 

 

2014 മുതൽ 2018 വരെ മലബാർ കാൻസർ സെൻ്ററിൽ  ചികിത്സ സ്വീകരിച്ച് അർബുദത്തിൽനിന്നും മുക്തരായി സാധാരണ ജീവിതം നയിക്കുന്ന 700 ഓളം പേരും അവരുടെ കൂട്ടിരിപ്പുകാരായിരുന്നവരും ആരോഗ്യ പ്രവർത്തകരും സംഗമത്തിൽ ഒത്തുചേർന്ന് അനുഭവങ്ങൾ പങ്കിട്ടു. 

 

എം സി സി യിലെ നിർധനരോഗികളുടെ ചികിത്സക്കായുള്ള പേഷ്യൻ്റ് വെൽഫയർ ഫണ്ടിലേക്ക് ടി പത്മനാഭൻ മൂന്നു ലക്ഷം രൂപ സംഭാവന ചെയ്തു.  പുസ്തകശാലയുടേയും,  അതിജീവിതരുടെ കയ്യൊപ്പ് ബോർഡിൻ്റെയും  ഉദ്‌ഘാടനം പ്രശസ്ത സിനിമ താരം  നാദിയ മൊയ്തു നിർവഹിച്ചു. പ്രശസ്ത സിനിമ താരങ്ങളായ അർജ്ജുൻ അശോകൻ, അപർണ്ണ ദാസ് , തിരക്കഥാകൃത്തായ അഭിലാഷ് പിള്ള  എന്നിവരും അതിജീവിതരെ സംബോധന ചെയ്തു. സബ് കലക്ടർ സന്ദീപ് കുമാർ, മലബാർ ക്യാൻസർ സെന്റർ ഡയറക്ടർ ഡോ സതീശൻ ബാല സുബ്രഹ്മണ്യൻ, അമൃതം കൺവീനർ ഡോ കെ ഇ ശരത് എന്നിവർ ചടങ്ങിൽ സംസാരിച്ചു. 

 

പത്മശ്രീ അവാർഡ് ജേതാവ് മേള പ്രമാണി പെരുവനം കുട്ടൻ മാരാരും സംഘവും  അതിജീവിതർക്കായി താള മേളങ്ങളുടെ വിരുന്നൊരുക്കി. രോഗമുക്തി നേടിയവരുടെയും  സ്ഥാപനത്തിലെ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും വിവിധ കലാ പരിപാടികളും അരങ്ങേറി.  ചടങ്ങിൽ അതിജീവിതരും അവരുടെ കുടുംബാംഗങ്ങളും  ആരോഗ്യ പ്രവർത്തകരും ഉൾപ്പടെ 2500 ഓളം പേർ പങ്കെടുത്തു. 

date