Skip to main content
കമ്മീഷന്‍ സിറ്റിങ

വിവരാവകാശ നിയമം: രേഖാ പകര്‍പ്പുകള്‍ക്ക് ഒറിജിനലിന്റെ ഫീസ് വാങ്ങരുത്-വിവരാവകാശ കമ്മീഷണര്‍

വിവരാവകാശ നിയമപ്രകാരം അപേക്ഷകന്‍ ആവശ്യപ്പെടുന്ന രേഖകളുടെയും സര്‍ക്കാര്‍ ഫയലുകളുടെയും പകര്‍പ്പുകള്‍ നല്‍കുമ്പോള്‍ ഒറിജിനലിന്റെ ഫീസ് വാങ്ങരുതെന്ന് വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ സംസാരിക്കുകയായിരുന്നു കമ്മീഷണര്‍. വിവരാവകാശ നിയമ പ്രകാരം അപേക്ഷകന്‍ ആവശ്യപ്പെടുന്നത് പുതിയ സര്‍ട്ടിഫിക്കറ്റുകഇല്ലെന്നും നിലവിലുള്ളവയുടെ പകര്‍പ്പാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. പകര്‍പ്പ് നല്‍കുന്നതിന് ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫീസല്ലാതെ മറ്റൊന്നും ഈടാക്കാന്‍ പാടില്ല. റവന്യൂ, രജിസ്‌ട്രേഷന്‍ വകുപ്പുകളില്‍ രേഖാ പകര്‍പ്പുകള്‍ക്ക് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിനുള്ള ഫീസ് വാങ്ങുന്നതായി കമ്മീഷന്  പരാതി ലഭിച്ച സാഹചര്യത്തിലാണ് കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയത്.  ഫീല്‍ഡ് മെഷര്‍മെന്റ് ബുക്കിന്റെ ഒറിജിനല്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് പകര്‍പ്പിനും നല്‍കണമെന്ന് പറയുന്നത് നിയമവിരുദ്ധമാണ്. പൊതുഭരണ വകുപ്പിറക്കിയ സര്‍ക്കുലര്‍ 24 വിവരാവകാശ നിയമത്തിനെതിരാണെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥിയോട് യൂണിവേഴ്‌സിറ്റി നിശ്ചയിച്ച ഫീസ് നല്‍കണമെന്ന്  ആവശ്യപ്പെട്ടപ്പോള്‍  അത് കൊടുക്കേണ്ടതില്ലെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. കമ്മീഷന്റ ഉത്തരവ്  ഹൈക്കോടതി ശരിവച്ചു. വിവരാവകാശ അപേക്ഷകള്‍ക്ക് നിയമത്തില്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ ഫീസ് വാങ്ങാനും ഉത്തരവിടാനും ആർക്കും അധികാരമില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയില്‍ വിവരം ലഭ്യമാക്കുന്നതിന് കാലതാമസം വരുത്തരുത്.  അപേക്ഷകര്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കാനും രേഖകള്‍ ഓഫീസുകളില്‍ സൂക്ഷിക്കാനും ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണ്. വിവരം ലഭ്യമല്ല, വിവരങ്ങള്‍ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല എന്നീ മറുപടികള്‍ അംഗീകരിക്കാനാവില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.
പൊതു ജനങ്ങള്‍ക്കുള്ള അജ്ഞത പരിഹരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കലാലയങ്ങളില്‍ ആര്‍ടിഐ ക്ലബ്ബുകള്‍ ആരംഭിക്കും. ജില്ലയില്‍ ആര്‍.ടി.ഐ ക്ലബ്ബുകളുടെ പ്രവര്‍ത്തനം പബ്ലിക് റിലേഷന്‍സ് വകുപ്പുമായി സഹകരിച്ച് ആരംഭിക്കും. ജില്ലാ ഭരണകൂടവുമായി സഹകരിച്ച് വര്‍ക്ക് ഷോപ്പുകളും സംഘടിപ്പിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു. ആർ ടി ഐ ക്ലബ്ബ് അംഗങ്ങൾ നിയമ പഠനത്തിന് ചേർന്നാൽ സംസ്ഥാന വിവരാവകാശ കമ്മിഷൻ ആസ്ഥാനത്ത് അവർക്ക് ഇൻറേൺ ഷിപ്പും നല്കും. സാധാരണക്കാരന് നീതിയും സത്യസന്ധവുമായ വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള കോടതിയാണ് വിവരാവകാശ കമ്മീഷനെന്നും ഡോ. എ അബ്ദുല്‍ ഹക്കീം വ്യക്തമാക്കി.
സിറ്റിങില്‍ 18 ഫയലുകള്‍ പരിഗണിച്ചു. ഇതില്‍ 15 എണ്ണം തീര്‍പ്പാക്കി. ബാക്കിയുള്ളവ അടുത്ത സിറ്റിങില്‍ തുടര്‍ നടപടിക്കായി മാറ്റി.

 

date