Skip to main content

125 വർഷത്തിന്റെ നിറവിൽ മൈലച്ചൽ ഹയർസെക്കണ്ടറി സ്‌കൂൾ

**ശതോത്തര രജതജൂബിലി ആഘോഷങ്ങൾ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

പാറശാല നിയോജക മണ്ഡലത്തിലെ ഒറ്റശേഖരമംഗലം മൈലച്ചൽ ഹയർസെക്കണ്ടറി സ്‌കൂളിലെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. സ്‌കൂളിനായി അനുവദിച്ച പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നടത്തി.  സാക്ഷരതയിലും വിദ്യാഭ്യാസ വികസനത്തിലും കേരളം കൈവരിച്ച നേട്ടങ്ങൾ ലോകശ്രദ്ധ നേടിയതാണെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഗ്രാമപ്രദേശങ്ങളിൽ വിദ്യാഭ്യാസത്തിന് സർക്കാർ നൽകിയ മുൻഗണന ഏറെ ശ്രദ്ധേയമാണ്. എല്ലാ സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുമുള്ള കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനും ഉൾക്കൊള്ളുന്നതിനും സമത്വത്തിനും കേരള മോഡൽ ശക്തമായ ഊന്നലാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്ക് അവരുടെ നഗരങ്ങളിലെ കുട്ടികളുടെ അതേ നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കുന്നുവെന്നും ഗ്രാമപ്രദേശങ്ങളിലെ വിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്നത് തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ശരിയായ നയങ്ങൾ, നിക്ഷേപം, സാമൂഹിക പങ്കാളിത്തം എന്നിവയിലൂടെ ഗ്രാമീണ വിദ്യാഭ്യാസത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാനും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാനും കഴിയും. ഓരോ കുട്ടിക്കും, അവരുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം പരിഗണിക്കാതെ, ഗുണനിലവാരമുള്ള വിദ്യാഭ്യാസം നേടാനും അവരുടെ കഴിവുകൾ നിറവേറ്റാനുമുള്ള അവസരം ഉണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് സർക്കാർ പരിശ്രമത്തെ വിജയത്തിലെത്തിക്കാൻ കൂട്ടായി പ്രവർത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മണ്ഡലത്തിലെ വിദ്യാഭ്യാസ കാര്യങ്ങളിൽ സി കെ ഹരീന്ദ്രൻ എം.എൽ.എ നടത്തുന്ന ഇടപെടലിനെ മന്ത്രി അഭിനന്ദിച്ചു.

ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന മൈലച്ചൽ എച്ച്.എസ്.എസ്, 1899ൽ സർക്കാർ പ്രൈമറി സ്‌കൂളായാണ് പ്രവർത്തനം തുടങ്ങിയത്. 1963 ൽ യു.പി സ്‌കൂളായും, 1976 മുതൽ ഹൈസ്‌കൂളായും, 2004ൽ ഹയർസെക്കണ്ടറി സ്‌കൂളായും അപ്‌ഗ്രേഡ് ചെയ്തു. അക്കാദമിക മികവിനൊപ്പം കലാ-കായിക മത്സരങ്ങളിലും ശാസ്ത്ര-ഗണിത-പ്രവൃത്തി പരിചയ മേളകളിലും മികച്ച പ്രകടനമാണ് ഗ്രാമപ്രദേശത്തെ സ്‌കൂളിലെ വിദ്യാർത്ഥികൾ കാഴ്ചവയ്ക്കുന്നത്.  എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ മൈലച്ചൽ എച്ച്.എസ്.എസ്, കാട്ടാക്കട വിദ്യാഭ്യാസ ഉപജില്ലയിൽ രണ്ടാം സ്ഥാനമാണ് കൈവരിച്ചത്. കൂടാതെ എൻ.എസ്.എസ്, എസ്.പി.സി, സ്‌കൗഡ്‌സ് ആൻഡ് ഗൈഡ്‌സ് തുടങ്ങിയ യൂണിറ്റുകളും ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്.

സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സി.കെ ഹരീന്ദ്രൻ എം.എൽ.എ അധ്യക്ഷനായിരുന്നു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.താണുപിള്ള, ആര്യൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ഗിരിജകുമാരി, ജില്ലാ പഞ്ചായത്ത് അംഗം അൻസജിത റസൽ മറ്റ് ജനപ്രതിനിധികൾ സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ.സുപ്രിയ എ.ആർ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഷൈല.യു.എസ്, പ്രിൻസിപ്പൽ ഇൻ ചാർജ് റ്റി.സുജാറാണി, വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരും പങ്കടുത്തു.

date