Skip to main content

ഒറ്റശേഖരമംഗലം സർക്കാർ എൽ.പി.എസിന് പുതിയ കെട്ടിടം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

പാറശാല നിയോജക മണ്ഡലത്തിലെ ഒറ്റശേഖരമംഗലം എൽ.പി സ്‌കൂളിലെ പുതിയ ഇരുനില മന്ദിരം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിലേക്കുള്ള സാർവത്രിക പ്രവേശനം പ്രോത്സാഹിപ്പിക്കുന്നതിൽ സർക്കാരിന്റെ ഇടപെടൽ കാര്യമായ സ്വാധീനം ചെലുത്തിയെന്ന് മന്ത്രി പറഞ്ഞു. എല്ലാ കുട്ടികൾക്കും അവരുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം നോക്കാതെ സൗജന്യവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ, കേരളം മാതൃകാപരമായ നിലവാരം സ്ഥാപിച്ചു. അടിസ്ഥാന സൗകര്യ വികസനം, സൗജന്യ പാഠപുസ്തകങ്ങൾ, ഉച്ചഭക്ഷണ പദ്ധതികൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ എന്നിവയിലൂടെ, ഒരു കുട്ടിയെയും പിന്നിലാക്കാത്ത സമഗ്ര വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

ഡിജിറ്റൽ സാക്ഷരതയിലും പ്രവേശനത്തിലും ഉള്ള വിടവ് നികത്തുന്നതിലാണ് സർക്കാർ ഇടപെടൽ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും  വിദ്യാർത്ഥികൾക്ക് ടാബ്ലെറ്റുകളും ലാപ്ടോപ്പുകളും നൽകൽ, ഗ്രാമപ്രദേശങ്ങളിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി വർദ്ധിപ്പിക്കുക, ഡിജിറ്റൽ സാങ്കേതികവിദ്യയിൽ അധ്യാപകരെ പരിശീലിപ്പിക്കുക തുടങ്ങിയ സംരംഭങ്ങൾക്കുള്ള മുൻഗണന തുടരുമെന്നും മന്ത്രി അറിയിച്ചു. സി.കെ ഹരീന്ദ്രൻ എം.എൽ.എ അധ്യക്ഷനായിരുന്നു.

സി.കെ ഹരീന്ദ്രൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും രണ്ട് കോടി 62 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. മുൻ എം.എൽ.എ ആർ.പരമേശ്വരൻ പിള്ളയുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ പേരാണ് പുതിയ ബ്ലോക്കിന് നൽകിയിരിക്കുന്നത്. രണ്ട് നിലകളിലായി  ക്ലാസ് മുറികളും സ്റ്റാഫ് റൂമും ശുചിമുറിയും ഉൾപ്പെടുന്നതാണ് കെട്ടിടം. ഭിന്നശേഷി സൗഹൃദമായാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. 350തോളം വിദ്യാർത്ഥികളാണ് സ്‌കൂളിൽ പഠിക്കുന്നത്.

സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പെരുങ്കടവിള ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ് വി.താണുപിള്ള, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ചെറുപുഷ്പം, ജില്ലാ പഞ്ചായത്തംഗം അൻസജിത റസൽ, ഗ്രമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിബു ബാലകൃഷ്ണൻ, മറ്റ് ജനപ്രതിനിധികൾ, പൊതുമരാമത്ത് കെട്ടിടവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ എ.ആർ അജിത്കുമാർ, പ്രധാനാധ്യാപിക പ്രേമലത എസ്.ആർ എന്നിവരും പങ്കെടുത്തു.

date