Skip to main content

ജില്ലാതല ബാങ്കിങ് അവലോകന യോഗം ഭിന്നശേഷിക്കാരുടെ സംരംഭങ്ങള്‍ക്ക് ബാങ്കുകളുടെ പിന്തുണ വേണം- ജില്ലാ കളക്ടര്‍

ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെ സമൂഹത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിന് വായ്പകള്‍ അനുവദിക്കാനും അവരുടെ ശേഷികള്‍ പരിപോഷിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് പിന്തുണ നല്‍കാനും ബാങ്കുകള്‍ മുന്നോട്ട് വരണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ആവശ്യപ്പെട്ടു. മലപ്പുറം ഹോട്ടല്‍ മഹേന്ദ്രപുരിയില്‍ ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന്റെ പിന്തുണ ആവശ്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് റിസ്‌ക് പേടിച്ച് വായ്പകള്‍ നിഷേധിക്കരുത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ 100 ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. ഇതിന് ബാങ്കുകളുടെ സഹകരണം വേണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. പ്രൈംമിനിസ്റ്റേഴ്‌സ് എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം(പി.എം.ഇ.ജി.പി), പ്രധാന്‍മന്ത്രി ഫോര്‍മലൈസേഷന്‍ ഓഫ് മൈക്രോ ഫുഡ്‌പ്രോസസിങ് എന്റര്‍പ്രൈസസ് സ്‌കീം (പി.എം.എഫ്.എം.ഇ) തുടങ്ങിയ പദ്ധതികളുടെ വായ്പാ കാര്യത്തില്‍ ബാങ്കുകള്‍ അനഭാവപൂര്‍ണമായ നിലപാടെടുക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.

യോഗത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം എല്‍.ഡി.ഒ മുതുകുമാര്‍ എം., നബാര്‍ഡ് ഡി.ഡി.എം മുഹമ്മദ് റിയാസ്, മലപ്പുറം എല്‍.ഡി.എം ടിറ്റന്‍ എം.എ, എച്ച്.വി പ്രഭു (കനറാ ബാങ്ക്), ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, ബാങ്കുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date