Skip to main content

പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്ത് തുടങ്ങി പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളോട് സഹാനുഭൂതിയോടെയുള്ള സമീപനം വേണം: ചെയര്‍പേഴ്‍സണ്‍

പട്ടികജാതി പട്ടികവര്‍ഗക്കാര്‍ അടക്കമുള്ള പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളോട് സഹാനുഭൂതിയോടെയുള്ള സമീപനം ആവശ്യമാണെന്ന് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷന്‍ ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍. ഫയലുകളും പരാതികളും തീര്‍പ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ താഴെ തട്ടില്‍ കാണിക്കുന്ന  അശ്രദ്ധയും അലംഭാവവുമാണ് കമ്മീഷനില്‍ കേസുകള്‍ കൂടാന്‍ കാരണമാവുന്നതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലാ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ ആരംഭിച്ച പട്ടികജാതി പട്ടികഗോത്ര വര്‍ഗ കമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മീഷന്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളും ഉത്തരവുകളും കൃത്യമായി പാലിക്കാന്‍  ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണം. പാർശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തിന്റെ പ്രശ്ന പരിഹാരത്തിന് പൊലീസ്, റവന്യു, തദ്ദേശ സ്വയം ഭരണം തുടങ്ങിയ വകുപ്പുകള്‍ പ്രത്യേകം ശ്രദ്ധ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.  
ചെയര്‍പേഴ്സണ്‍ ശേഖരന്‍ മിനിയോടന്‍, മെമ്പര്‍മാരായ അഡ്വ. സേതു നാരായണന്‍, ടി.കെ വാസു എന്നിവരുടെ നേതൃത്വത്തില്‍ മൂന്നു ബെഞ്ചുകളായാണ് അദാലത്ത് നടക്കുന്നത്. പട്ടികജാതി പട്ടികഗോത്രവർഗ്ഗക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കമ്മീഷൻ മുമ്പാകെ സമർപ്പിച്ചിട്ടുള്ളതും വിചാരണയിൽ ഇരിക്കുന്നതുമായ 66 കേസുകളാണ് ഇന്നലെ (ജൂണ്‍ 25) പരിഗണിച്ചത്. ഇതില്‍ 44 കേസുകള്‍ തീര്‍പ്പാക്കി. ഒമ്പത് പുതിയ പരാതികളും ഇന്നലെ ലഭിച്ചു. അദാലത്ത് ഇന്ന് (ജൂണ്‍ 26) സമാപിക്കും.
ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. മണികണ്ഠന്‍ എന്നിവരും അദാലത്തില്‍ സംബന്ധിച്ചു.

date