Skip to main content

ലഹരി വ്യാപനത്തിനെതിരെ സാമൂഹ്യപ്രതിരോധം സൃഷ്ടിക്കണം: കെ.ജി .രാജേശ്വരി

ആലപ്പുഴ: ലഹരി വ്യാപനത്തിനെതിരെ സർക്കാർ സംവിധാനങ്ങൾക്കൊപ്പം സർക്കാരിതര സംഘടനകളും പൊതു സമൂഹവും അണിനിരക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി.രാജേശ്വരി പറഞ്ഞു. ആലപ്പുഴ സാമൂഹ്യനീതി വകുപ്പ് ,പുന്നപ്ര അക്സ്പെറ്റ്   ഡി- അഡിക്ഷൻ സെൻ്ററിൻ്റെ സഹകരണത്തോടെ ''നശാമുക്ത് ഭാരത്  അഭിയാൻ " പദ്ധതിയുടെ ഭാഗമായി നടത്തിയ  അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അവർ.  ലഹരിയുടെ വ്യാപനം കുറ്റകൃത്യങ്ങളുടെ തോതിൽ വലിയ വർദ്ധനവ് ഉണ്ടാക്കിയിട്ടുള്ളതായും രാസലഹരിയുടെ വ്യാപനം തടയുന്നതിനായി പ്രത്യേക ഇടപെടൽ ആവശ്യമാണെന്നും യോഗത്തിൽ മുഖ്യപ്രഭാഷകനായ  ജില്ലാ നിയമ സേവന അതോറിറ്റി സബ് ജഡ്ജ് പ്രമോദ് മുരളി പറഞ്ഞു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഷീബ രാകേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഹാരിസ്,ജില്ലാ പഞ്ചായത്ത് മെമ്പർ പി.അഞ്ചു,   ജില്ലാ സാമൂഹ്യനീതി ഓഫീസർ അബീൻ എ.ഒ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ.പ്രദീപ്തി , ഐ.എം.എ വുമൺ സെൽ സെക്രട്ടറി ഡോ. ശ്യാലിമ കൈരളി, ഗ്രാമപഞ്ചായത്ത് മെമ്പർ റ്റി.ജയപ്രകാശ് ,ജില്ലാ പ്രൊബേഷൻ ഓഫീസർ സന്തോഷ്, അക്സ് പറ്റ് പ്രൊജക്റ്റ് കോഡിനേറ്റർ നിതിൻ ചന്ദ്ര ,അജോ ഡോമിഎന്നിവർ സംസാരിച്ചു.  ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന സൗഹൃദ വടംവലി മത്സരത്തിൽ കായംകുളം എം.എസ്.എം കോളേജ് ഒന്നാം സ്ഥാനവും അമ്പലപ്പുഴ ഗവ.കോളേജ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഇരു ടീമുമകൾക്കും ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു. ലഹരി വിരുദ്ധ ദ്വിദിന ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ഇന്ന് (26/05/24)വൈകുന്നേരം 4 ന്  ആലപ്പുഴ ബീച്ചിൽ '' കരുതാം ആലപ്പുഴയെ ,കൈ കോർക്കാം ലഹരിക്കെതിരെ " ബോധവത്ക്കരണ ക്യാമ്പയിനിൽ വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, സാമൂഹ്യ-സാംസ്ക്കാരിക പ്രവർത്തകർ പങ്കെടുക്കും.

date