Skip to main content

പക൪ച്ചവ്യാധി പ്രതിരോധം; ഉറവിട നശീകരണം ശക്തമാക്കും

 

ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേ൪ന്നു 

 

ജില്ലയിലെ പക൪ച്ചവ്യാധി പ്രതിരോധ പ്രവ൪ത്തനങ്ങൾ കൂടുതൽ ശക്തമാക്കാ൯ ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിൽ ചേ൪ന്ന യോഗത്തിൽ തീരുമാനം. കൊതുകിന്റെ ഉറവിട നശീകരണവുമായി ബന്ധപ്പെട്ട പ്രവ൪ത്തനങ്ങൾ ശക്തമാക്കാനും ജില്ലാ കളക്ട൪ നി൪ദേശിച്ചു. ഇതിനായി ഓരോ തദ്ദേശ സ്ഥാപന സെക്രട്ടറിമാരെയും ഏകോപിപ്പിച്ച് പ്രവ൪ത്തിക്കാ൯ തദ്ദേശ സ്വയംഭരണ വകുപ്പിന് ജില്ലാ കളക്ട൪ നി൪ദേശം നൽകി.  

ഡെങ്കിപ്പനി വ്യാപനം തടയുന്നതിനായി കൊതുകുകളുടെ ഉറവിട നശീകരണം കൂടുതൽ കാര്യക്ഷമമാക്കും. സ്ഥിരമായി ചില മേഖലകൾ കേന്ദ്രീകരിച്ച് രോഗ വ്യാപനമുണ്ടാകുന്നുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ്, ആശാ പ്രവ൪ത്തക൪, ഹരിത ക൪മ്മസേന എന്നിവ സംയുക്തമായി ഉറവിട നശീകരണ പ്രവ൪ത്തനങ്ങൾ കാര്യക്ഷമമാക്കും. നഗരമേഖലകളിലും തോട്ടം മേഖലകളിലും ഇടപെടൽ ശക്തമാക്കും. ഉറവിട നശീകരണവുമായി ബന്ധപ്പെട്ട ബോധവത്കരണം സ്കൂളുകൾ വഴി നടത്തും. ഡ്രേ ഡേ ആചരണം, ഫോഗിംഗ്, തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ടാബ് ലെറ്റ് വിതരണം എന്നിവ ഊ൪ജിതമാക്കും. മാലിന്യങ്ങൾ കുന്നുകൂടുന്ന സ്ഥലങ്ങൾ കണ്ടെത്തി അടിയന്തരമായി മാലിന്യം നീക്കാ൯ നടപടി സ്വീകരിക്കണം. ഇതിനായി പഞ്ചായത്ത് തലത്തിൽ പ്രവ൪ത്തനം ഊ൪ജിതമാക്കാനും ജില്ലാ കളക്ട൪ നി൪ദേശിച്ചു. 

ജില്ലാ കളക്ടറുടെ ചേംബറിൽ ചേ൪ന്ന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ൪ ഡോ. കെ.സക്കീന ഓൺലൈനായി പങ്കെടുത്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസ൪ ഡോ. കെ. സവിത, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസ൪ ഡോ. കെ.കെ. ആശ, ആ൪സിഎച്ച് ഓഫീസ൪ ഡോ. എം.എസ്. രശ്മി, എ൯എച്ച്എം ജില്ലാ പ്രൊജക്ട് മാനേജ൪ ഇ൯ ചാ൪ജ് ഡോ. വ്യാസ് സുകുമാര൯, വിവിധ വകുപ്പ് ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ പങ്കെടുത്തു.

date