Skip to main content

പരണിയം സ്‌കൂളിന് കളിസ്ഥലം വിട്ടുനൽകാൻ ബാലാവകാശ കമ്മിഷൻ ഉത്തരവ്

തിരുപുറം ഗ്രാമപഞ്ചായത്തിന് ഉടമസ്ഥാവകാശം ഇല്ലാത്തതും പരണിയം സർക്കാർ വി.എച്ച്.എസ്.എസിന്റെ സ്വന്തവുമായ കളിസ്ഥലം സ്‌കൂളിന് വിട്ടുനൽകാൻ ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഉത്തരവ് അടിയന്തരമായി നടപ്പിലാക്കാനും കമ്മിഷൻ അംഗം ഡോ. എഫ്. വിൽസൺ നിർദ്ദേശം നൽകി. സ്‌കൂൾ മൈതാനത്ത് തിരുപുറം കുട്ടികൾ കയറാതിരിക്കാൻ ഗ്രാമപഞ്ചായത്ത് ഫെൻസിംഗ് നിർമ്മിച്ചതായും  സ്‌കൂൾ സമയത്ത് പുറത്തുള്ളവർ മൈതാനത്ത് കളിക്കുന്നതിനാൽ കുട്ടികൾക്ക് കളിസ്ഥലത്ത് പോകുവാനോകളിക്കുവാനോ കഴിയുന്നില്ലെന്നും സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും  കളിസ്ഥലം യഥേഷ്ടം ഉപയോഗിക്കാൻ അനുവദിക്കണമെന്നും പ്ലസ്‌വൺ വിദ്യാർഥി നൽകിയ പരാതിയിലാണ് കമ്മിഷൻ ഉത്തരവ്.  തിരുപുറം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടും  വാദവും നിലവിലെ നിയമങ്ങൾക്കും വസ്തുതകൾക്കും പഞ്ചായത്ത് രാജ് ആക്ടിലെ വ്യവസ്ഥകൾക്കും  വിരുദ്ധമാണെന്ന് കമ്മിഷൻ നിരീക്ഷിച്ചു.

സ്‌കൂൾ മൈതാനത്തെ മരങ്ങളിൽ നിന്നുള്ള ആദായം നിയമാനുസൃതം      വിനിയോഗിക്കേണ്ടതാണ്. വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ ഒരു തരത്തിലുളള നിർമ്മാണ പ്രവർത്തനങ്ങളും നടത്താൻ പാടില്ല. സ്‌കൂൾ അധികാരിയുടെ അനുമതി ഇല്ലാതെ മൈതാനത്ത് അതിക്രമിച്ചു കയറുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനും കമ്മിഷന്റെ ശുപാർശകളിൽ ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ച നടപടി റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കാനും ഉത്തരവിൽ നിർദ്ദേശിച്ചു.    

പി.എൻ.എക്സ്. 2572/2024

 

date