Skip to main content

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ് നടത്തി

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ തിരുവനന്തപുരം ജില്ലാ സിറ്റിംഗ് ശാസ്തമംഗലത്തെ കമ്മീഷൻ ആസ്ഥാനത്ത് നടന്നു. കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് ഹർജികൾ പരിഗണിച്ചു. പാളയം എൽ.എം.എസ് സഭാ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കമ്മീഷൻ മുമ്പാകെ ഹാജരായി റിപ്പോർട്ട് സമർപ്പിച്ചു.  സഭയുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നടത്തുവാനും സഭാന്തരീക്ഷം സമാധാനപരമായി മുന്നോട്ടുകൊണ്ടുപോകുവാനും ജൂലായ് ഒന്നിന് യോഗം വിളിച്ചുചേർത്ത് തീരുമാനം കൈക്കൊള്ളുവാൻ സബ്ഡിവിഷണൽ മജിസ്ട്രേറ്റിന് കമ്മീഷൻ നിർദ്ദേശം നൽകി.

മുതലപ്പൊഴി അപകടവുമായി ബന്ധപ്പെട്ട് കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ മത്സ്യബന്ധന-തുറമുഖ വകുപ്പ് സെക്രട്ടറി, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്  എക്സിക്യൂട്ടീവ് എഞ്ചിനീയർ, തീരദേശ പോലീസ് മേധാവിക്കുവേണ്ടി അഞ്ചുതെങ്ങ് തീരദേശ പോലീസ് സബ് ഇൻസ്പെക്ടർ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നിവർ ഹാജരായി റിപ്പോർട്ട് സമർപ്പിച്ചു. വിശദമായ റിപ്പോർട്ട് ജൂലായ് ആറിന് നടക്കുന്ന പ്രത്യേക സിറ്റിങിൽ സമർപ്പിക്കുവാൻ കമ്മീഷൻ നിർദേശിച്ചു. മുതലപ്പൊഴിയുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും സമർപ്പിക്കുവാൻ പ്രത്യേക സിറ്റിങിൽ പൊതുജനങ്ങൾക്കും അവസരമുണ്ടായിരിക്കും. കമ്മീഷൻ സിറ്റിങിൽ പരിഗണനയിൽ വന്ന പത്ത് ഹർജികളിൽ മൂന്നെണ്ണം തീർപ്പാക്കി. പുതുതായി ലഭിച്ച രണ്ട് പരാതികൾ കമ്മീഷൻ ഫയലിൽ സ്വീകരിച്ചു.

date