Skip to main content
എം.എസ്.എം.ഇ ദിനാചരണം

അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനാചരണം സംഘടിപ്പിച്ചു

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനാചരണം സംഘടിപ്പിച്ചു. കല്‍പ്പറ്റ ഹരിതഗിരി ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന  പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. സംരംഭകര്‍ കാലത്തിനനുസൃതമായ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഉത്പാദന മേഖലയിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന നിരവധി പദ്ധതികള്‍ ഉണ്ട്.  അവ പരമാവധി പ്രയോജനപ്പെടുത്തണം. വ്യത്യസ്തതരം സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ജില്ല സംസ്ഥാനത്തിന് മാതൃകയാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഐക്യരാഷ്ടസഭ  സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ നേട്ടത്തിന് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (എം.എസ്.എം.ഇ) സംഭാവന സംബന്ധിച്ച് അവബോധം വളര്‍ത്തുന്നതിന് ഐക്യരാഷ്ട്ര പൊതുസഭ ജൂണ്‍ 27 അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്. എം.എസ്.എം.ഇകളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുക, പ്രധാന പങ്ക് ഉയര്‍ത്തി കാട്ടുക, കൂടുതല്‍ പുരോഗതിയുള്ള അവസരങ്ങള്‍ വികസിപ്പിക്കുക എന്നിവയാണ് എം.എസ്.എം.ഇ ദിനാചരണ ലക്ഷ്യങ്ങള്‍. പരിപാടിയില്‍ മുതിര്‍ന്ന വ്യവസായികളായ അബ്ദുല്‍ റഷീദ്, സി.വി ദേവകി എന്നിവരെ ആദരിച്ചു. തുടര്‍ന്ന് എം.എസ്.എം.ഇയുടെ നേട്ടങ്ങള്‍, വ്യവസായ വകുപ്പ് പദ്ധതികള്‍ സംബന്ധിച്ച് ഉപജില്ലാ വ്യവസായ ഓഫീസര്‍ ആര്‍.അതുല്‍ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ആര്‍. രമ അധ്യക്ഷയായ പരിപാടിയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ്, ജില്ലാ ലീഡ് മാനേജര്‍ പി.എം മുരളീധരന്‍,  ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.രാകേഷ് കുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ അഖില സി ഉദയന്‍, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ പി.എസ്.കലാവതി, കെ.എസ്.എസ്.ഐ.എ സെക്രട്ടറി മാത്യു തോമസ,് ചേമ്പര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ പ്രമുഖ വ്യവസായികള്‍ പങ്കെടുത്തു.

date