Skip to main content

സമാശ്വാസ തൊഴിൽദാന പദ്ധതി: നിലവിലുള്ള ജീവനക്കാരും സംരക്ഷണ സമ്മതമൊഴി നൽകണം

        സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമനത്തിന് അപേക്ഷയോടൊപ്പം ‘സംരക്ഷണ സമ്മതമൊഴി’ സമർപ്പിക്കണമെന്ന വ്യവസ്ഥ നിലവിൽ സേവനത്തിൽ തുടരുന്ന ജീവനക്കാർക്കും ബാധകമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു (സ.ഉ.(കൈ) നം.11/2024/ P&ARD, തീയതി: 24.06.2024).

        സംസ്ഥാന സർക്കാർ സർവീസിൽ ജോലി ചെയ്തുവരവെ മരണമടയുന്ന ജീവനക്കാരുടെ മാതാവ്/പിതാവ് ഒഴികെയുള്ളവർ ആശ്രിത നിയമനത്തിനായി അപേക്ഷ സമർപ്പിക്കുകയാണെങ്കിൽ മരണപ്പെട്ട ജീവനക്കാരുടെ മാതാവ്/പിതാവ്/വിധവ/വിഭാര്യൻ എന്നിവരെ ജീവിതകാലം മുഴുവനും സംരക്ഷിക്കുന്നതാണെന്നും അവിവാഹിതയായ സഹോദരി/അവിവിഹാതിനായ സഹോദരൻ എന്നിവരെ പ്രായപൂർത്തിയാകുന്നതുവരെ സംരക്ഷിക്കുന്നതാണെന്നുമുള്ള സംരക്ഷണ സമ്മതമൊഴി കൂടി ആശ്രിത നിയമനത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കണമെന്ന് നിഷ്കർഷിച്ചു സർക്കാർ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

        മരണപ്പെട്ട ജീവനക്കാരുടെ ആശ്രിതരെ സംരക്ഷിക്കാമെന്ന സംരക്ഷണ സമ്മതമൊഴി നൽകി സർക്കാർ സർവീസിൽ പ്രവേശിച്ച ശേഷം ആയത് ലംഘിക്കുന്ന ജീവനക്കാർക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചും ഈ ജീവനക്കാരുടെ പ്രതിമാസ അടിസ്ഥാന ശമ്പളത്തിൽ നിന്നും 25 ശതമാനം തുക പിടിച്ചെടുത്ത് അർഹരായ ആശ്രിതർക്ക് ധനസഹായമായി നൽകുന്നത് സംബന്ധിച്ചും പൊതുവ്യവസ്ഥകളും രൂപീകരിച്ചിരുന്നു.

        മരണമടഞ്ഞ ജീവനക്കാരുടെ മാതാവ്/പിതാവ് ഒഴികെയുള്ളവർ ആശ്രിതനിയമനത്തിനായി അപേക്ഷിക്കുകയാണെങ്കിൽ അപേക്ഷകർ ജീവനക്കാരുടെ മാതാവ്/പിതാവ്/വിധവ/വിഭാര്യൻ എന്നിവരെ ജീവിതകാലം മുഴുവനും സംരക്ഷിക്കുന്നതാണെന്നും ഈ ജീവനക്കാരുടെ ആശ്രിതരായ മക്കളെയും സഹോദരങ്ങളെയും പ്രായപൂർത്തിയാകുന്നതുവരെ സംരക്ഷിക്കുന്നതാണെന്നുമുള്ള സമ്മതമൊഴി കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കണമെന്നു ഭേദഗതി ഉത്തരവും പുറപ്പെടുവിച്ചിരുന്നു.

        ഈ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനു മുമ്പ് സർവീസിൽ പ്രവേശിച്ചവരുടെ ആശ്രിതർക്ക് ഈ ഉത്തരവുകൾ പ്രകാരമുള്ള പരിരക്ഷ ലഭിക്കുന്നില്ല എന്നുള്ള പരാതികൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവുകൾ പ്രകാരമുള്ള വ്യവസ്ഥകൾ സമാശ്വാസ തൊഴിൽ ദാന പദ്ധതി പ്രകാരം ആശ്രിത നിയമനം ലഭിച്ച് സേവനത്തിൽ തുടരുന്ന എല്ലാ ജീവനക്കാർക്കും ബാധകമാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

        ഈ ജീവനക്കാർ സർക്കാർ ഉത്തരവ് പ്രകാരമുള്ള   ‘സംരക്ഷണ സമ്മതമൊഴി’ ഓഫീസ് മേധവി മുമ്പാകെ സമർപ്പിക്കേണ്ടതും ആയതിന്റെ പകർപ്പ് നിയമനാധികാരി മുഖേന സർക്കാരിലേക്ക് ലഭ്യമാക്കേണ്ടതുമാണെന്നും ഉത്തരവിൽ പറയുന്നു.

പി.എൻ.എക്സ്. 2606/2024

date