Skip to main content
അവലോകന യോഗം

ജില്ലാ ബാങ്കിങ് അവലോകന യോഗം നാലാം പാദത്തില്‍ 7703 കോടിയുടെ വായ്പാ വിതരണം കരുതല്‍ 2024 പദ്ധതിക്ക് തുടക്കമായി

ജില്ലയില്‍ ബാങ്കുകള്‍ മുഖേന നാലാം പാദത്തില്‍ 7703 കോടിയുടെ വായ്പാ വിതരണം നടന്നതായി ജില്ലാ ബാങ്കിങ് അവലോകന യോഗം. ബാങ്കുകള്‍ മുന്‍ഗണനാ വിഭാഗത്തില്‍ 5883 കോടി രൂപ വിതരണം ചെയ്തു. കൃഷി അനുബന്ധ വിഭാഗത്തില്‍ 3979 കോടിയും സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍ക്ക് 1037 കോടിയും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വിതരണം ചെയ്തു. അതില്‍ ബാങ്കുകളുടെ വായ്പ നിക്ഷേപ അനുവാദം 128 ശതമാനത്തില്‍ എത്തിക്കാന്‍ ബാങ്കുകള്‍ക്ക് സാധിച്ചതായും യോഗത്തില്‍ വിലയിരുത്തി. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സ് ഹോട്ടലില്‍ നടന്ന അവലോകന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും സാധാരണക്കാരുടെ മികച്ച ആശയങ്ങള്‍ക്ക് ബാങ്കുകള്‍ പിന്തുണ നല്‍കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് അധ്യക്ഷയായി. ജില്ലയിലെ എല്ലാ കുടുംബങ്ങളെയും ചെറുകിട സമ്പാദ്യശീലം വളര്‍ത്തുന്നതിനുള്ള 'കരുതല്‍ 2024' പദ്ധതി കളക്ടര്‍ ഉദ്ഘാടനം ചെയ്തു. ചെറുകിട സമ്പാദ്യ പദ്ധതിയുടെ പ്രയോജനം ജനങ്ങളിലേക്ക് എത്തിക്കാന്‍ ബാങ്കുകള്‍ ഇടപെടണമെന്ന് കളക്ടര്‍ പറഞ്ഞു. കനറാ ബാങ്ക് എ.ജി.എം ലതാ കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. പരിപാടിയില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ടി.എം മുരളീധരന്‍, ലീഡ് ബാങ്ക് ഓഫീസര്‍ പി.എം രാമകൃഷ്ണന്‍, റിസര്‍വ് ബാങ്ക് പ്രതിനിധി ഇ.കെ രഞ്ജിത്ത്, നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ ആര്‍.ആനന്ദ് എന്നിവര്‍ സംസാരിച്ചു. വകുപ്പ് പ്രതിനിധികള്‍, ബാങ്ക് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

date