Skip to main content

സംസ്ഥാന മാധ്യമ അവാർഡിന് അപേക്ഷിക്കാം

2023ലെ സംസ്ഥാന മാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. 2023 ജനുവരി ഒന്നിനും ഡിസംബർ 31നുമിടയിൽ പ്രസിദ്ധീകരിച്ച വികസനോൻമുഖ റിപ്പോർട്ട്, ജനറൽ റിപ്പോർട്ട്, വാർത്താചിത്രം, കാർട്ടൂൺ എന്നിവയ്ക്കും ഈ കാലയളവിൽ സംപ്രേഷണം ചെയ്ത ടിവി വാർത്താ റിപ്പോർട്ട്, ക്യാമറ, വീഡിയോ എഡിറ്റിങ്, ടിവി ന്യൂസ് പ്രസന്റർ, മികച്ച അഭിമുഖം, സാമൂഹ്യ ശാക്തീകരണ റിപ്പോർട്ട് എന്നിവയ്ക്കുമാണ് അവാർഡുകൾ നൽകുന്നത്. സമൂഹത്തിലെ ഗുണകരമായ കാര്യങ്ങളെ സ്പർശിക്കുന്നതും വികസനം, സംസ്‌കാരം, സാമൂഹ്യ ജീവിതം തുടങ്ങിയ രംഗങ്ങളിൽ അനുകരണീയ മാതൃകകൾ പ്രകാശിപ്പിക്കുന്നതുമായ ടിവി റിപ്പോർട്ടുകൾക്കാണ് സാമൂഹ്യ ശാക്തീകരണ റിപ്പോർട്ടിങ് അവാർഡ് നൽകുന്നത്.

വികസനോൻമുഖ റിപ്പോർട്ടിങ്, ജനറൽ റിപ്പോർട്ടിങ്, കാർട്ടൂൺ അവാർഡുകൾക്കായി അവ പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒറിജിനൽ കട്ടിങ്ങിനു പുറമേ മൂന്നു പകർപ്പുകൾ കൂടി അയയ്ക്കണം. വാർത്താ ചിത്രത്തിന്റെ നാല് വലിയ പ്രിന്റുകളും ചിത്രം അച്ചടിച്ച പത്രത്തിന്റെ ഒരു കോപ്പിയും അയയ്ക്കേണ്ടതാണ്.

ടിവി വാർത്താ റിപ്പോർട്ടിൽ മലയാളം ടിവി ചാനലുകളിലെ വാർത്താ ബുള്ളറ്റിനിൽ സംപ്രേഷണം ചെയ്ത ഏഴുമിനിറ്റിൽ കവിയാത്ത റിപ്പോർട്ടുകളാണ് സമർപ്പിക്കേണ്ടത്. എൻട്രികൾ ഡിവിഡിയിലോ (മൂന്നു കോപ്പി), പെൻഡ്രൈവിലോ നൽകാം. എൻട്രിയോടൊപ്പം ടൈറ്റിൽ, ഉള്ളടക്കം, ദൈർഘ്യം, വിവരണപാഠം എന്നിവ എഴുതി നൽകണം.

പ്രസിദ്ധപ്പെടുത്തിയ പത്രം/ടിവി ചാനൽ എന്നിവയുടെ പേര്, തീയതി, മാധ്യമപ്രവർത്തകന്റെ കളർ ഫോട്ടോ, മേൽവിലാസം, ഫോൺനമ്പർ എന്നിവ അടങ്ങിയ ബയോഡാറ്റ എൻട്രിയോടൊപ്പം മറ്റൊരു പേജിൽ ചേർത്തിരിക്കണം. ഒരു വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള എൻട്രി മറ്റൊരു വിഭാഗത്തിലേക്ക് പരിഗണിക്കില്ല. കവറിന് പുറത്ത് മത്സരവിഭാഗം ഏതെന്ന് രേഖപ്പെടുത്തിയിരിക്കണം. എൻട്രി അപേക്ഷകൻ തയാറാക്കിയതാണെന്നതിന് ന്യൂസ് എഡിറ്ററുടേയോ മറ്റു അധികാരിയുടേയോ സാക്ഷ്യപത്രവും വയ്ക്കണം.

എൻട്രികൾ ജൂലൈ 17 നകം ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം - 695 001 എന്ന വിലാസത്തിൽ ലഭിക്കണം. അവാർഡ് സംബന്ധിച്ച മാർഗരേഖ www.prd.kerala.gov.in ൽ ലഭിക്കും

റവന്യു വകുപ്പിന് യുവ പ്രൊഫഷണലുകളെ ആവശ്യമുണ്ട്

റവന്യൂ വകുപ്പിന്റെ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ (ഐ എൽ ഡി എം) യുവ പ്രൊഫഷണലുകളെ നിയമിക്കുന്നു. ഐ എൽ ഡി എമ്മിലെ എം ബി എ ഡിസാസ്റ്റർ മാനേജ്‌മന്റ് പ്രോഗ്രാമിനോടനുബന്ധിച്ചും, ഡി.എം സെന്ററിലെ മറ്റ് പ്രവർത്തനങ്ങൾക്കുമായാണ് ഒരു വർഷത്തെ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്. 30,000 രൂപയാണ് പ്രതിമാസ വേതനം. ദുരന്തനിവാരണത്തിൽ ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഇവരുടെ അഭാവത്തിൽ കോഴ്സ് പൂർത്തിയായവരെ പരിഗണിക്കും. പ്രായപരിധി 30 വയസ്. ildm.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം .അവസാന തിയതി ജൂലൈ 6. കൂടുതൽ വിവരങ്ങൾക്ക് 8547670005

വിമുക്ത ഭടന്മാരുടെ ആശ്രിതർക്ക് അവസരം

ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന നാല് ജെ.പി.എച്.എന്‍. ട്രെയിനിംഗ് സെന്ററുകളില്‍ ഒക്‌സിലിയറിനഴ്‌സിംഗ് ആന്റ് മിഡ് വൈഫ്‌സ് കോഴ്‌സിന്റെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്ല്യ പരീക്ഷ പാസ്സായ പെണ്‍കുട്ടികൾക്ക് അപേക്ഷിക്കാം. ഓരോ സ്‌കൂളിലും ഒരു സീറ്റ് വീതംവിമുക്ത ഭടന്മാരുടെ ആശ്രിതർക്ക് സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷാഫോമും പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റില്‍ dhskerala.gov.in ൽ ലഭ്യമാണ്. ഇടുക്കി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിമുക്തഭടന്മാര്‍,വിമുക്തഭടന്മാരുടെ വിധവകള്‍ എന്നിവർക്ക് അപേക്ഷ നൽകാവുന്നതാണ്. അവസാന തീയതി ജൂലൈ 6 .അപേക്ഷയുടെ പകര്‍പ്പുകളും വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ്, ഡിസ്ചാര്‍ജ് ബുക്ക് എന്നിവയുടെ പകര്‍പ്പുകൾ തുടങ്ങിയവ ജൂലൈ 10ന് മുൻപ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭ്യമാക്കേണ്ടതുമാണ്.

date