Skip to main content

അരൂർ-തുറവൂർ ഉയരപ്പാത നിർമാണം; നാളെ(3) മുതൽ ഗതാഗതം നിയന്ത്രിക്കും, സർവീസ് റോഡ് ടാറിംഗ് ആരംഭിക്കും

 

ആലപ്പുഴ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഉയരപ്പാത നിര്‍മാണം നടക്കുന്ന അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള ഭാഗത്തെ സർവീസ് റോഡ് ടാറിങ്ങിനായി നാളെ (ജൂലൈ മൂന്ന്) മുതൽ ഗതാഗതം നിയന്ത്രിക്കാൻ തീരുമാനം. ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഓണ്‍ലൈനില്‍  വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. മൂന്ന് ദിവസത്തേക്കാണ് ഗതാഗത നിയന്ത്രണം. ഫ്ലൈ ഓവറിനോട് ചേര്‍ന്നുള്ള കിഴക്കുവശത്തെ സർവീസ് റോഡാണ് ആദ്യം ടാർ ചെയ്യുക. യോഗത്തില്‍ എം.എല്‍.എ.മാരായ ദലീമ ജോജോ, പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം, യു. പ്രതിഭ, തോമസ് കെ. തോമസ്, ജില്ല കളക്ടര്‍ അലക്സ് വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ജില്ലയിൽ അടുത്ത മൂന്ന് ദിവസം പച്ച അലർട്ടാണ്. ഈ ദിവസങ്ങളിൽ ടാറിങ് പണി പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. മഴ പെയ്യുന്ന സാഹചര്യത്തിൽ ടാറിങ് ഒരു ദിവസത്തേക്ക് നീട്ടിവെക്കും. 

ഗതാഗത നിയന്ത്രണം

ജൂലൈ 3, 4, 5 ദിവസങ്ങളിൽ ഫ്ലൈഓവറിനോട് ചേര്‍ന്നുള്ള കിഴക്കുഭാഗത്തെ സർവീസ് റോഡാണ് ടാർ ചെയ്യുക. ദേശീയപാതയുടെ അരൂക്കുറ്റി ബസ്റ്റോപ്പ് മുതൽ തുറവൂർ ജംഗ്ഷൻ വരെയുള്ള നിലവില്‍ തെക്ക് ഭാഗത്തേക്ക് പോകുന്ന റോഡ്  ഗതാഗതം നിരോധിച്ച് ടാറിംഗ് പണികൾ പൂർത്തിയാക്കും. അരൂർ നിന്ന് തുറവൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അരൂർ അമ്പലം ജംഗ്ഷൻ നിന്ന് അരൂക്കുറ്റി വഴി തിരിഞ്ഞ് തൈക്കാട്ടുശ്ശേരി, മാക്കെകടവ് വഴി തുറവൂർ ജംഗ്ഷനിൽ പ്രവേശിക്കും. 

ഫ്ലൈ ഓവറിന്റെ പടിഞ്ഞാറ് വശത്തെ സർവീസ് റോഡ് ടാറിംഗ് മഴയുടെ സ്വഭാവമനുസരിച്ച് തുടർന്നുള്ള ദിവസങ്ങിൽ നടത്തും.  ഈ ദിവസങ്ങളില്‍ അരൂര്‍ നിന്ന് തുറവൂര്‍  ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അരൂക്കുറ്റി ബസ് സ്റ്റോപ്പിൽ നിന്ന് തിരിഞ്ഞ് അരൂക്കുറ്റി, തൃച്ചാട്ടുകുളം, മാക്കേക്കടവ്  വഴി ദേശീയപാത തുറവൂര്‍  ബസ് സ്റ്റോപ്പിൽ പ്രവേശിക്കും. എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങള്‍  ഫ്ലൈഓവറിനോട് ചേര്‍ന്നുള്ള കിഴക്കുഭാഗത്തെ ടാറിങ് പൂര്‍ത്തിയായ റോഡിലൂടെ വടക്കോട്ട് കടത്തിവിടും.

വാഹനങ്ങൾ ഈ വഴികളിലൂടെ കടത്തിവിടുമ്പോൾ ഗതാഗത കുരുക്കുകൾ ഇല്ലാത്ത വിധം കാര്യങ്ങൾ നിയന്ത്രിക്കണമെന്ന് മന്ത്രി പി. പ്രസാദ് യോഗത്തിൽ പറഞ്ഞു. കണ്ടെയ്നർ ഉൾപ്പെടെയുള്ള വലിയ വണ്ടികൾക്ക് സമയക്രമം ഏര്‍പ്പെടുത്താനും മന്ത്രി നിർദേശിച്ചു. തൃശ്ശൂർ ഭാഗത്തുനിന്ന് ആലപ്പുഴ വഴി കടന്നു പോകേണ്ട വണ്ടികൾ അങ്കമാലിയിൽ നിന്ന് തിരിച്ച് എം.സി റോഡ് വഴി നിയന്ത്രിക്കും. 

റോഡിലെ നിലവിലുള്ള ചളി നീക്കം ചെയ്യുന്നതിനുള്ള അടിയന്തര നടപടി കൈക്കൊള്ളാൻ മന്ത്രി ദേശീയപാത അധികൃതർക്ക് നിർദേശം നൽകി. സ്കൂളുകൾക്ക് മുന്നിലെ വെള്ളക്കെട്ടുകൾ ഉടൻ നികത്തും. 
കലവൂർ ജംഗ്ഷനിലെ കാന നിർമ്മാണവും പടിഞ്ഞാറുവശത്തായുള്ള പഴയ കെട്ടിടവും പ്രതിസന്ധി സൃഷ്ടിക്കുന്നതായി പി.പി. ചിത്തരഞ്ജൻ എം.എൽ.എ. ചൂണ്ടിക്കാട്ടി. കളർകോട് ജംഗ്ഷനിൽ സർവീസ് റോഡ് ഉടൻ പണിയണമെന്ന് എച്ച്. സലാം എം.എൽ.എ. പറഞ്ഞു. സർവീസ് റോഡ് പണിയാതെ ബാരിക്കേഡ് പണിയുന്നത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കായംകുളം മണ്ഡലത്തിലെ ദേശീയപാതയിലെ കുഴികൾ എത്രയും പെട്ടെന്ന് അടയ്ക്കണമെന്ന് യു. പ്രതിഭ എം.എൽ.എ. ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു.

date