Skip to main content

സാന്ത്വനപരിചരണത്തില്‍ പുതിയ സേനയുമായി ജില്ല പഞ്ചായത്ത് -പരിശീലനം പൂര്‍ത്തിയാക്കി 220 പേര്‍ പുറത്തിറങ്ങി -സംസ്ഥാനത്തെ ആദ്യ സംരംഭം

 

ആലപ്പുഴ: ചെറുതല്ല, ജില്ല പഞ്ചായത്തിന്റെ ഈ പുതിയ കാല്‍വയ്പ്പ്. ജില്ലയിലെ കിടപ്പിലായ നൂറു കണക്കിന് രോഗികള്‍ക്ക് സാന്ത്വനത്തിന്റെ സ്‌നേഹസ്പര്‍ശമാകാന്‍ 220 പേരുടെ സേനയെ സജ്ജമാക്കിയിരിക്കുകയാണ് ജില്ല പഞ്ചായത്ത്.  സാന്ത്വനപരിചരണം ആവശ്യമുള്ള രോഗികളെ ഇവര്‍ വീട്ടിലെത്തി പരിചരിക്കും. പരിശീലനം പൂര്‍ത്തിയാക്കിയ സേനയുടെ പാസിംഗ് ഔട്ട് പരിപാടിയുടെ ഉദ്ഘാടനവും അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ജില്ല പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് കെ.ജി. രാജേശ്വരി നിര്‍വഹിച്ചു. 

സംസ്ഥാനത്ത് ആദ്യമായാണ് ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാലിയേറ്റീസ് സേന രൂപീകരിക്കുന്നതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീയിലൂടെ പാലിയേറ്റീവ് പദ്ധതി രൂപീകരിക്കാനൊരുങ്ങുമ്പോള്‍ ആലപ്പുഴ ജില്ല സംസ്ഥാനത്തിന് മാതൃകയാകുകയാണ്. പഞ്ചായത്തു തലത്തില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് നഴ്‌സുമാരെയും പദ്ധതിയുമായി ബന്ധപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. 

ആലപ്പുഴ ജില്ല പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അംഗങ്ങള്‍ക്ക് സാന്ത്വനപരിചരണ പരിശീലനം നല്‍കിയത്. ജില്ലയിലെ 12 ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് പത്താം ക്ലാസ് പാസ്സായ 50 വയസ്സിനു താഴെയുള്ളവരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. രണ്ട് മണിക്കൂര്‍, ഉച്ചവരെ, ഒരു പകല്‍ മുഴുവന്‍, പകലും രാത്രിയും എന്നിങ്ങനെ സമയക്രമം തിരിച്ചാണ് സേവനം നല്‍കുന്നത്. ഓരോ സേവനത്തിനും നിശ്ചിത തുക നിശ്ചയിച്ചിട്ടുണ്ട്. ബ്ലോക്കടിസ്ഥാനത്തിലുള്ള സമിതിയുടെ നിയന്ത്രണത്തിലാണ് സാന്ത്വനപരിചരണ സേന പ്രവര്‍ത്തിക്കുക. 

ചടങ്ങില്‍ ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി.എസ്. താഹ അധ്യക്ഷനായി. അംഗങ്ങളായ ആര്‍. റിയാസ്, ബിനു ഐസക് രാജു, ഹേമലത മോഹന്‍, ഗീത ബാബു, ഡി.എം.ഒ. ഡോ. ജമുന വര്‍ഗീസ്, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. അനു വര്‍ഗീസ്, ജില്ല പഞ്ചായത്ത് സെക്രട്ടറി ആര്‍. ദേവദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

date