Skip to main content

എൽ പി ക്ലാസുകളിലെ കുട്ടികൾക്ക് 'ഹെൽത്തി കിഡ്സ്' പദ്ധതി  നടപ്പാക്കും: മന്ത്രി വി ശിവൻ കുട്ടി

സംസ്ഥാനത്തെ എൽ പി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികളുടെ സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസത്തിനായി 'ഹെൽത്തി കിഡ്സ്പദ്ധതി നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എസ്.സി.ഇ.ആർ.ടി വികസിപ്പിച്ചെടുത്ത ഹെൽത്തി കിഡ്‌സ് പദ്ധതി സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി രണ്ട് പുസ്തകങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. എൽ.പി വിഭാഗത്തിലെ കുട്ടികൾക്ക് നിലവിലെ ടൈംടേബിൾ പ്രകാരം ആഴ്ചയിൽ ആരോഗ്യ കായിക വിദ്യാഭ്യാസത്തിന് മൂന്ന് പീരീഡുകളാണ് അനുവദിച്ചിട്ടുള്ളത്. പദ്ധതി നടപ്പിലാക്കുന്നതിന് എൽ.പി വിഭാഗത്തിലെ അധ്യാപകർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിലെ കായികാധ്യാപകരുടെയുംമറ്റു വിദഗ്ധരുടെയും നേതൃത്വത്തിൽ പരിശീലനം നൽകും.

എൽ.പി വിഭാഗത്തിലെ എല്ലാ അധ്യാപകർക്കും രണ്ടുമാസം കൊണ്ട് പരിശീലനം പൂർത്തീകരിക്കും. ഉപജില്ല തലത്തിൽ തിരഞ്ഞെടുത്ത ഒരു കായികാധ്യാപകന് പദ്ധതിയുടെ ചുമതല നൽകുകയും പദ്ധതി പുരോഗതി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി വിലയിരുത്തുകയും ചെയ്യും. ജില്ലാതലത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുത്തു വിദഗ്ധരും കായിക അധ്യാപകരും ഉൾക്കൊള്ളുന്ന കമ്മിറ്റി പദ്ധതി പുരോഗതി ജില്ലാതലത്തിൽ വിലയിരുത്തും. സംസ്ഥാനതലത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത വിദഗ്ധരെയും കായികാധ്യാപകരേയും ഉൾപ്പെടുത്തി കമ്മറ്റി രൂപീകരിച്ചായിരിക്കും ഹെൽത്തി കിഡ്സ് പദ്ധതി നടപ്പാക്കുക. ഹെൽത്തി കിഡ്സ് പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പുസ്തകങ്ങൾ എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശിന് നൽകി മന്ത്രി വാർത്താസമ്മേളനത്തിൽ  പ്രകാശനം ചെയ്തു.

പി.എൻ.എക്സ്. 2694/2024

date