Skip to main content

റീസര്‍വേ: സര്‍ക്കാര്‍ ഭൂമി ആസ്തി വിവരങ്ങള്‍ പരിശോധനക്ക് നല്‍കണം

റീസര്‍വെ പൂര്‍ത്തിയായാല്‍ അതത് പ്രദേശത്തെ റവന്യു, സര്‍ക്കാര്‍ ഭൂമികള്‍ റെയില്‍വെ അടക്കം മറ്റ് സംവിധാനങ്ങളുടെ ആസ്തിയായി മാറിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ എംഎല്‍എമാര്‍ക്ക് സ്ഥിതിവിവരം കൈമാറണമെന്ന് സര്‍വെ ഉദ്യോഗസ്ഥര്‍ക്ക് റവന്യു മന്ത്രി കെ. രാജന്‍ നിര്‍ദ്ദേശം നല്‍കി.

റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് വിഷന്‍ ആന്റ് മിഷന്‍ 2021-26 നാലാമത് തിരുവനന്തപുരം ജില്ലാ റവന്യു അസംബ്ലിയില്‍ വി. ജോയി എംഎല്‍എയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
പഴയ റീസര്‍വെ പൂര്‍ത്തിയായപ്പോള്‍ അതുവരെ റവന്യു വകുപ്പിന്റെ ആസ്തിയില്‍ ഉണ്ടായിരുന്ന പുറമ്പോക്ക് ഭൂമി റയില്‍വേയുടെ ഭാഗമായിട്ടുണ്ട്. വര്‍ക്കല റയില്‍വെ സ്റ്റേഷനുമുന്നിലെ റവന്യു ഭൂമിക്കുണ്ടായ അവസ്ഥ മറ്റിടങ്ങളിലും ഉണ്ടായിട്ടുണ്ടാകാം എന്ന് വി ജോയി ചൂണ്ടിക്കാട്ടി.
ചെയിന്‍ റീസര്‍വെ സമയത്ത് ഉണ്ടായിട്ടുള്ള ഇത്തരം അപാകതകള്‍ ഡിജിറ്റല്‍ റീസര്‍വെയോടെ പരിഹരിക്കപ്പെടുമെന്ന് മറുപടിയില്‍ മന്ത്രി പറഞ്ഞു. ആറ് മാസം കൂടുമ്പോള്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അതത് എംഎല്‍എമാരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

കഴക്കൂട്ടം മണ്ഡലത്തിലെ കരിക്കകം റയില്‍വെ ലൈനിന് സമീപത്തെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ദുരന്ത നിവാരണ ഫണ്ട് ഉപയോഗിച്ച് ശാസ്ത്രീയമായി കാന നിര്‍മ്മാണം നടത്തണം. എംഎല്‍എ ആവശ്യപ്പെട്ടു. പുറമ്പോക്ക് ഭൂമി ബഹുനില കെട്ടിടം പണിത് വാടകയ്ക്ക് കൊടുത്ത സംഭവവും കടകംപിള്ളി ചൂണ്ടിക്കാട്ടി.
ചിറയംകീഴ് പ്രേംനസീര്‍ സ്മാരകത്തിന് അഞ്ച് സെന്റ് വിട്ടുകിട്ടേണ്ട നടപടി വേഗത്തിലാക്കണമെന്ന് വി. ശശി ആവശ്യപ്പെട്ടു. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിര്‍മ്മിച്ച സ്മാര്‍ട്ട് വില്ലേജുകള്‍ക്ക് ചുറ്റുമതില്‍ വേണം എന്ന് ഒ.എസ് അംബിക ആവശ്യപ്പെട്ടു. പാട്ടക്കുടിശിക വിഷയവും എംഎല്‍എ എടുത്തുപറഞ്ഞു.
നെയ്യാറ്റിന്‍കരയിലെ കാരോട് വില്ലേജ് ഓഫീസ് മറ്റൊരിടത്തേക്ക് മാറ്റാന്‍ ശ്രമം നടക്കുന്നുണ്ട്. ഇതിനെതിരെ എംഎല്‍എ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരമുള്‍പ്പടെ നടന്നു. പക്ഷെ ഇതേക്കുറിച്ച് തനിക്ക് അറിവില്ലെന്നും അത്തരം നീക്കമുണ്ടെങ്കില്‍ അത് ഉപേക്ഷിക്കണമെന്നും കെ ആന്‍സലന്‍ പറഞ്ഞു.
സര്‍ക്കാര്‍ ഭൂമി ഇല്ലാത്തതിനാല്‍ ജില്ലയിലെ വികസന പദ്ധതികള്‍ പലതും നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്ന് മന്ത്രി അഡ്വ.ജി ആര്‍ അനില്‍ പറഞ്ഞു. പുറമ്പോക്ക് കയ്യേറ്റം കണ്ടെത്തി ഒഴിപ്പിക്കണം. ഭരണാനുമതി ലഭിച്ച ഫ്‌ളഡ് വര്‍ക്കുകളുടെ തുടര്‍ നടപടികളുടെ വേഗത കൂട്ടണമെന്നും മന്ത്രി അനില്‍കുമാര്‍ അവശ്യപ്പെട്ടു.
ഡി കെ മുരളി, എം വിന്‍സെന്റ്, ഐ ബി സതീഷ് തുടങ്ങിയ എംഎല്‍എമാരും റവന്യു-ദുരന്ത നിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിശ്വാസ്, ലാന്‍ഡ് റവന്യു കമ്മിഷണര്‍ ഡോ.എ കൗശിഗന്‍, ജോയിന്റ് കമ്മിഷണര്‍ എ ഗീത, സര്‍വെ ഡയറക്ടര്‍ സിറാം സാംബശിവ റാവു, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് എന്നിവരും മറ്റ് ഉദ്യോഗസ്ഥരും റവന്യു അസംബ്ലിയില്‍ പങ്കെടുത്തു.

date