Skip to main content

ഇടുക്കി, വയനാട് ജില്ലാ റവന്യു അസംബ്ലി ചേർന്നു മലയോര ജില്ലകളിലെ പട്ടയ വിതരണം വേഗത്തിലാക്കണം

തിരുവനന്തപുരം:റവന്യു-ഭവന നിർമ്മാണ വകുപ്പ് വിഷൻ ആന്റ് മിഷൻ 2021-26 നാലാമത് ഇടുക്കി, വയനാട് ജില്ലാ സംയുക്ത റവന്യു അസംബ്ലി മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റിൽ (ഐഎൽ ഡി എം ) നടന്നു.

മന്ത്രിമാരായ റോഷി അഗസ്റ്റ്യൻ, ഒ ആർ കേളു എന്നിവരടക്കം രണ്ടു ജില്ലകളിൽ നിന്നുള്ള എംഎൽഎമാർ പങ്കെടുത്തു.
വയനാട് ജില്ലാ കളക്ടർ രേണു രാജ്, ഇടുക്കി കളക്ടർ ഷീബ ജോർജ് എന്നിവർ ജില്ലകളിലെ സ്ഥിതിവിവരങ്ങൾ അവതരിപ്പിച്ചു. തുടർന്ന് എംഎൽഎമാർ മണ്ഡലങ്ങളിലെയും ജില്ലകളിലെയും ആവശ്യങ്ങളും വിഷയങ്ങളും അവതരിപ്പിച്ചു. പി ജെ ജോസഫ് എംഎൽഎയുടെ സബ്മിഷനും പരിഗണിച്ചു.ഭൂമിയുടെ അവകാശം പതിച്ചുകൊടുക്കാൻ വയനാട് ജില്ലയിലെ ചിലയിടങ്ങളിൽ നിയമപരമായ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് മന്ത്രി ഒ ആർ കേളു, എംഎൽഎമാരായ ടി സിദ്ധീഖ്, ഐ സി ബാലകൃഷ്ണൻ എന്നിവർ ഉന്നയിച്ചു. വയനാട്ടെ മധ്യപ്രദേശ് സർക്കാരിന്റെ ഭൂമി ഉണ്ട്. കേരളത്തിന്റെ ഭൂമി മധ്യപ്രദേശിലും ഉണ്ട്. അവ പരസ്പരം കൈമാറ്റം ചെയ്യാൻ മുഖ്യമന്ത്രി തലത്തിൽ ഇടപെടലുണ്ടായി. അതിൽ തുടർച്ചവേണം എന്നും ആവശ്യമുയർന്നു.
സുഗന്ധഗിരി പ്രൊജക്ട് ഭൂമിയിലെ പട്ടയപ്രശ്നം നിയമസഭയിൽ മന്ത്രിയുടെ വിശദീകരണം നടത്തിയെങ്കിലും നടപടികൾ പരിപൂർണമായി പരിഹരിക്കാൻ കഴിയണം എന്ന് ടി സിദ്ധീഖ് ആവശ്യപ്പെട്ടു.
ഡാമുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഡാം പ്രദേശത്തെ സർവെ, ഭൂമി ഏറ്റെടുക്കൽ, ഡിജിറ്റൽ റീസർവെ എന്നിവയിൽ ഇടുക്കി ജില്ലയിലെ സേവനങ്ങൾ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റ്യൻ പറഞ്ഞു. സർവെയുടെ തുടക്കത്തിൽ ഉണ്ടായ തടസം റവന്യു മന്ത്രി നേരിട്ട് ഇടപെട്ട് പരിഹരിച്ചിരുന്നു. എന്നാൽ ജീവനക്കാരുടെ കുറവ്, പ്രത്യേകിച്ച് സർവെ ടീമിന്റെ കാര്യത്തിൽ വകുപ്പ് മന്ത്രിയുടെ ശ്രദ്ധവേണമെന്ന് റോഷി അഗസ്റ്റിൻ ആവശ്യപ്പെട്ടു.
നാലാമത്തെ റവന്യു അസംബ്ലിയിലെത്തുമ്പോൾ പട്ടയം വിതരണം ഭൂമി സംബന്ധമായ കുറേയധികം കാര്യങ്ങൾ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് എം എം മണി പറഞ്ഞു. മുൻകാലങ്ങളേക്കാൾ ജില്ലയിലെ പ്രശ്നങ്ങൾ തർക്കങ്ങളില്ലാതെ പരിഹരിക്കാൻ റവന്യു മന്ത്രിക്കും ഉദ്യോഗസ്ഥർക്കും കഴിഞ്ഞു. സാധാരണ തല്ലും വഴക്കും പതിവായിരുന്ന ഭൂപ്രശ്നം കഴിഞ്ഞ മൂന്നു വർഷം യാതൊരു പ്രതിസന്ധിയുമില്ലാതെ മുന്നോട്ടു പോകാനായി എന്നത് തന്നെ നേട്ടമാണെന്നും എംഎൽഎ പറഞ്ഞു.
പട്ടയ പ്രശ്നത്തിൽ താലൂക്ക് തലത്തിലുള്ള ഒരു യോഗം മന്ത്രിയുടെ സാന്നിധ്യത്തിൽ വേണമെന്ന് പീരുമേട് അംഗം വാഴൂർ സോമൻ ആവശ്യപ്പെട്ടു. ഇനിയും പതിനായിരക്കണക്കിന് ഭൂരഹിതരായവർക്ക് നൽകാനാവുന്ന ഭൂമി തോട്ടം മേഖലയിലുണ്ട്. കർക്കശമായൊരു നിലപാടെടുത്താൽ ഉടമകളിൽ നിന്ന് ഭൂമി വിട്ടുകിട്ടുമെന്നും വാഴൂർ സോമൻ പറഞ്ഞു.
പട്ടയം ലഭിച്ചവർ ആ ഭൂമി മാറ്റി തരണം എന്നാവശ്യപ്പെട്ട് അപേക്ഷകൾ നൽകിയിട്ടുണ്ട്. അതിൽ ഇടപെടലുണ്ടാവണം എന്ന് എ രാജ ആവശ്യപ്പെട്ടു. മണ്ണിടിച്ചൽ ഭീഷണി ഉള്ള ഇടങ്ങളിലെ പുനരധിവാസം, വനാർത്തിയിലെ റവന്യു ഭൂമി വനഭൂമിയാക്കുന്നതിനുള്ള ശ്രമം, തമിഴ് വംശജരായവരുടെ ജാതി സർട്ടിഫിക്കറ്റ് വിതരണം നിർത്തലാക്കിയ വിഷയം തുടങ്ങിയവയും എംഎൽഎ ഉന്നയിച്ചു.
റവന്യു-ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിശ്വാസ്, ലാൻഡ് റവന്യു കമ്മിഷണർ ഡോ.എ കൗശിഗൻ, ജോയിന്റ് കമ്മിഷണർ എ ഗീത, സർവെ ഡയറക്ടർ സിറാം സാംബശിവ റാവു, ജില്ലാ കളക്ടർ ജെറോമിക് ജോർജ് എന്നിവരും മറ്റ് ഉദ്യോഗസ്ഥരും റവന്യു അസംബ്ലിയിൽ പങ്കെടുത്തു.

date