Skip to main content

*നഗരവനം*; *കുറുവാ ദ്വീപില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നില്ല*

 

 

പാരിസ്ഥിതിക പ്രാധാന്യമുള്ള കുറുവാ ദ്വിപില്‍  നഗരവനം പദ്ധതിയിൽ യാതൊരുവിധ നിര്‍മ്മാണ പ്രവൃത്തികളും നടക്കുന്നില്ലെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ  അറിയിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നഗരവന്‍ യോജനയില്‍ ഉള്‍പ്പെടുത്തി സൗത്ത് വയനാട് ഡിവിഷന്റെ ചെതലയം റെയ്ഞ്ചിലെ കുറുവാ ദ്വീപില്‍  നഗരവനം തുടങ്ങുന്നതിനായി അംഗീകാരം ലഭിച്ചിരുന്നു. വനം വന്യജീവി വകുപ്പ് 1.40 കോടി രൂപ പദ്ധതിക്കായി അനുവദിക്കുകയും ചെയ്തിരുന്നു. കുറുവാ ദ്വീപ് കാണാനെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തില്‍ കുറുവാ ദ്വീപിന് പുറത്താണ് നഗരവനം പദ്ധതി വിഭാവനം ചെയ്തത്. ഇക്കോ ടൂറിസം കാണാനെത്തുന്ന സഞ്ചാരികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കൂടിയാണ് പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പദ്ധതിക്കായി ഏറ്റവും കുറവ് നിരക്ക് അറിയച്ച കേരള പോലീസ് ഹൗസിങ്ങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്  നിര്‍മ്മാണ ചുമതല ധാരണ പത്രം മുഖേന ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ എഗ്രിമെന്റിന് ശേഷം സാങ്കേതിക കാരണങ്ങളാല്‍ കോര്‍പ്പറേഷന്‍ നിര്‍മ്മാണം തുടങ്ങിയില്ല. പ്രവൃത്തികള്‍ തുടങ്ങുന്നതിനായി സൗത്ത് വയനാട് ഡിവിഷന് ലഭിച്ച 140 ലക്ഷം രൂപയില്‍ 82.50 ലക്ഷം രൂപ സംസ്ഥാന ഫോറസ്റ്റ് ഡെവലപ്പ്‌മെന്റിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഈ സാഹചര്യത്തില്‍ തിരിച്ചേല്‍പ്പിക്കുകയും ചെയ്തതാണ്.  നിലവില്‍ കുറുവാ ദ്വീപില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങിയിട്ടില്ലെന്നും സൗത്ത് വയനാട് ഡി.എഫ്. ഒയും സൗത്ത് വയനാട്  ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് ഏജന്‍സി  സി.ഇ.ഒ കൂടിയായ അജിത്ത് കെ.രാമന്‍  അറിയിച്ചു.

date