Skip to main content

വൈക്കം ഐ എച്ച് ഡി പി നഗർ പട്ടയം  ഓണത്തിന് വിതരണം ചെയ്യാൻ നിർദ്ദേശം

 

തിരുവനന്തപുരം:വൈക്കം മണ്ഡലത്തിലെ ചെമ്മനത്തുകര ഐഎച്ച്ഡിപി നഗർ, നിവാസികളുടെ പട്ടയപ്രശ്നത്തിന് അടിയന്തര പരിഹാരം കാണാനും ഓണത്തിന് മുമ്പ് പട്ടയം അർഹർക്ക് വിതരണം ചെയ്യാനും കോട്ടയം ജില്ലാ റവന്യു അസംബ്ലിയിൽ നിർദ്ദേശം. സി കെ ആശ ഉന്നയിച്ച പ്രശ്നത്തിന് ആർഡിഒ നൽകിയ വിശദീകരണത്തിനു ശേഷം റവന്യു മന്ത്രി കെ രാജനാണ് പരിഹാരം വേഗത്തിലാക്കാൻ നിർദ്ദേശിച്ചത്.
റവന്യു വകുപ്പിന്റെ വിഷൻ ആന്റ് മിഷൻ 2021-26 പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റിൽ (ഐഎൽ ഡി എം )നാലാമത് കോട്ടയം ജില്ലാ റവന്യു അസംബ്ലിയിൽ ജില്ലയിലെ മറ്റു എംഎൽഎമാരായ ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ്, അഡ്വ. മോൻസ് ജോസഫ്, മാണി സി കാപ്പൻ, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. ജോബ് മൈക്കിൾ, ചാണ്ടി ഉമ്മൻ എന്നിവരും പങ്കെടുത്തു. മന്ത്രി വി എൻ വാസവൻ തയ്യാറാക്കി നൽകിയ നിർദ്ദേശങ്ങളും അസംബ്ലിയുടെ പരിഗണനയ്ക്കെത്തി. എംഎൽഎമാർ ചൂണ്ടിക്കാട്ടിയ അടിയന്തര സ്വാഭാവമുള്ള ആവശ്യങ്ങൾക്ക് മന്ത്രി പരിഹാരം നിർദ്ദേശിച്ചു. 
ഏറ്റുമാനൂർ മുതൽ എറണാകുളത്തേക്കുള്ള പാതയിലെ അപകടകരമായ വളവുകൾ നിവർത്തണമെന്ന ആവശ്യം കാലങ്ങളായി ഉള്ളതാണെന്ന് എംഎൽഎമാർ അസംബ്ലിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. സർവെ നമ്പരുകളിലെ അപാകതയുള്ളതിനാൽ സർവെ നടപടികൾ വൈകുകയാണ്. ഇതുൾപ്പടെ മറ്റ് തടസങ്ങളെല്ലാം ചർച്ച ചെയ്ത് പരിഹരിക്കാൻ എംഎൽഎമാരെ പങ്കെടുപ്പിച്ച്, പൊതുമരാമത്ത്, കൃഷി വകുപ്പ് മന്ത്രിമാരുടെ യോഗം വിളിച്ചുചേർക്കുമെന്ന് റവന്യു മന്ത്രി പറഞ്ഞു.
താലൂക്ക് സഭകൾ ഫലപ്രദമാക്കാൻ ചുതലപ്പെട്ട ഡെപ്യൂട്ടി കളക്ടർമാർ നിർബന്ധമായും പങ്കെടുക്കണം. ഒപ്പം ബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരുടെയും പങ്കാളിത്തം ഉറപ്പാക്കുകയും വേണം. വില്ലേജ്തല ജനകീയ സമിതികളിൽ തങ്ങളുടെ പ്രതിനിധികളയടക്കം പങ്കെടുപ്പിക്കാൻ നിർദ്ദേശം നൽകണമെന്ന് എംഎൽഎമാരോടും മന്ത്രി നിർദ്ദേശിച്ചു.
ഡാഷ് ബോർഡിൽ ഇനിയും സ്ഥലവിവരം ഉൾപ്പടെ രേഖപ്പെടുത്താൻ ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് മന്ത്രി കളക്ടർക്കും നിർദ്ദേശം നൽകി. ആറ്റുപുറമ്പോക്ക് കയ്യേറ്റം പരിശോധിച്ച് അടിയന്തരമായി റിപ്പോർട്ട് കൈമാറണം. 
റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യു കമ്മിഷണർ ഡോ.എ കൗശിഗൻ, ജോയിന്റ് കമ്മിഷണർ എ ഗീത, സർവെ ഡയറക്ടർ സിറാം സാംബശിവ റാവു, ജില്ലയിലെ ഉന്നത റവന്യു ഉദ്യോഗസ്ഥരും പങ്കെടുത്തു. കളക്ടർ വി വിഗ്നേശ്വരി വിഷയം അവതരിപ്പിച്ചു.
ഇന്ന് (ജൂൺ 28) നടക്കേണ്ടിയിരുന്ന തിരുവനന്തപുരം ജില്ലാ റവന്യു അസംബ്ലി ജൂലൈ മൂന്നിലേക്ക് മാറ്റിവച്ചു. അടുത്ത അസംബ്ലി ജൂലൈ ഒന്നിന് എറണാകുളം ജില്ലയിലെ എംഎൽഎമാരുടെ ഡാഷ് ബോർഡ് വിവരങ്ങൾ പരിഗണിക്കും.

date