Skip to main content

കൊടുങ്ങല്ലൂരിലെ വിവിധ പൈതൃക സംരക്ഷണ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ മുസിരിസ് ഹെറിറ്റേജ് പ്രോജക്ടിന്റെ ഭാഗമായി പുതുക്കിപ്പണിത ചേരമാന്‍ ജുമാമസ്ജിദ് കെട്ടിടത്തിന്റേയും കൊടുങ്ങല്ലൂര്‍ ക്ഷേത്ര മ്യൂസിയം കെട്ടിടത്തിന്റേയുമടക്കം വിവിധ പൈതൃക സംരക്ഷണ പദ്ധതികളുടെ ഉദ്ഘാടനം ജൂലൈ 6 ന് (ശനിയാഴ്ച) 4.30 ന് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ചത്വരത്തില്‍ നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. കീഴ്ത്തളി ക്ഷേത്രമണ്ഡപം, തിരുവഞ്ചിക്കുളം കനാല്‍ ഹൗസ്, ഇസ്ലാമിക് ഡിജിറ്റല്‍ ആര്‍കൈവ്സ്, മുസിരിസ് വെബ്സൈറ്റ്, വിവിധ ആരാധനാലങ്ങളുടെ അടിസ്ഥാന വികസനങ്ങള്‍ എന്നിവയുടെയും ഉദ്ഘാടനം ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിക്കും. കൊടുങ്ങല്ലൂര്‍ എം.എല്‍.എ വി.ആര്‍ സുനില്‍കുമാര്‍ ചടങ്ങില്‍ അധ്യക്ഷനാകും. ചാലക്കുടി എം.പി ബെന്നി ബഹനാന്‍ മുഖ്യാതിഥിയാകും.

കേരളത്തിലെ ആദ്യത്തെ മുസ്ലീം പള്ളി എന്ന് വിശ്വസിക്കപ്പെടുന്ന വിഖ്യാതമായ ചേരമാന്‍ പെരുമാള്‍ പള്ളിയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 1.13 കോടി രൂപയാണ് ചെലവാക്കിയത്. 93.64 കോടി രൂപ ചെലവാക്കി പള്ളിയുടെ ചുറ്റുമതിലും പണികഴിപ്പിച്ചു. കേരളത്തിന്റെ ശ്രേഷ്ഠ പൈതൃക അവശേഷിപ്പുകളിലൊന്നായ കൊടുങ്ങല്ലൂര്‍ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിന്റെ ഊട്ടുപുര, ഭണ്ഡാരപ്പുര മാളിക സമുച്ചയത്തിന്റെ സംരക്ഷരണ പദ്ധതിക്ക് 3.23 കോടി രൂപയാണ് ചെലവഴിച്ചത്. ക്ഷേത്ര കെട്ടിടങ്ങളുടെ പുനരുദ്ധാരണപ്രവര്‍ത്തനത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കി. കേരള പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള സംരക്ഷിത സ്മാരകം കൂടിയായ കീഴ്തളിക്ഷേത്രത്തിന്റെ ബലിക്കല്ല് മണ്ഡപത്തിന്റെ നിര്‍മ്മാണവും മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി നടത്തി. ചേര കാലത്തെ ക്ഷേത്രങ്ങളുടെ വാസ്തുശൈലിക്ക് സമാനമായാണ് ഈ ബലിക്കല്‍ മണ്ഡപം നിര്‍മ്മിച്ചിരിക്കുന്നത്. തിരുവഞ്ചിക്കുളത്തെ കനാല്‍ ഓഫീസ് യഥാര്‍ത്ഥത്തില്‍ ഡച്ചുകാരാല്‍ നിര്‍മ്മിതമായതാണ്. ആ ചരിത്ര നിര്‍മ്മിതിയുടേയും സംരക്ഷണം പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിച്ചു. ഇതുകൂടാതെ തൃകുലശേഖരപുരം ശ്രീകൃഷ്ണ ക്ഷേത്രം, ശൃംഗപുരം ശിവക്ഷേത്രം, തൃകുലശേഖരപുരം ആഴ്വാര്‍ ക്ഷേത്രം, പടാകുളം അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിലെ പ്രദക്ഷിണ പദങ്ങള്‍, ആല്‍ത്തറകള്‍ തുടങ്ങിയ അടക്കം പതിനാറ് ആരാധനാലങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം 3.29 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ചു. ഈ വികസന, സംരക്ഷണ, നവീകരണ പദ്ധതികളുടേയും മുസിരിസ് പൈതൃക പദ്ധതിയുടെ പുതുക്കിയ വെബ്സൈറ്റിന്റേയും ഇസ്ലാമിക് ഡിജിറ്റല്‍ ആര്‍ക്കേവ്സിന്റേയും ഉദ്ഘാടനങ്ങളാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ശനിയാഴ്ച വൈകീട്ട് നിര്‍വ്വഹിക്കുക.

ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ബിജു, ടൂറിസം വകുപ്പ് ഡയക്ടര്‍ ശിഖ സുരേന്ദ്രന്‍, മുസിരിസ് പൈതൃക പദ്ധതിയുടെ മാനേജിങ് ഡയറക്ടര്‍ ഡോ. കെ. മനോജ്കുമാര്‍, കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ടി.കെ ഗീത, വൈസ് ചെയര്‍പേഴ്സണ്‍ അഡ്വ. വി.എസ്. ദിനല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date