Skip to main content

ഡോ. എം.എസ്. വല്യത്താൻ ആരോഗ്യ മേഖലയ്ക്ക് നൽകിയ സംഭാവനകൾ നിസ്തുലം: മന്ത്രി വീണാ ജോർജ്

        ലോകപ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. എം.എസ്. വല്യത്താന്റെ നിര്യാണത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അനുശോചനം രേഖപ്പെടുത്തി. ആരോഗ്യ മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ നിസ്തുലമാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആദ്യ ബാച്ച് വിദ്യാർഥിയാണ് അദ്ദേഹം. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ആദ്യ ഡയറക്ടറാണ്. മണിപ്പാൽ യൂണിവേഴ്‌സിറ്റിയുടെ ആദ്യ വി.സിയായിരുന്നു. ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിന്റെ ചെയർമാനായിരുന്നു. പത്മവിഭൂഷൺ ഉൾപ്പെടെ ഇന്ത്യയിലെയും വിദേശത്തെയും ധാരാളം ബഹുമതികൾക്ക് അദ്ദേഹം അർഹനായി.

ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിക്കുന്ന സമയത്ത് ചെലവ് കുറഞ്ഞതും നൂതനവുമായ മെഡിക്കൽ സാങ്കേതികവിദ്യകൾ രൂപപ്പെടുത്തുന്നതിനും സാധാരണ ജനങ്ങളുടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ പരിഹരിക്കുന്നതിനും കൂടുതൽ ഊന്നൽ നൽകി. വിദേശത്ത് നിന്ന് വലിയ വില കൊടുത്തു വാങ്ങിക്കൊണ്ടിരുന്ന ഹൃദയ വാൽവുകൾ ശ്രീചിത്രയിൽ നിർമിച്ച് ഇന്ത്യയിൽ ആദ്യമായി കുറഞ്ഞ വിലയ്ക്ക് വാൽവ് ലഭ്യമാക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശ്രമങ്ങൾ ഏറെ ശ്രദ്ധ നേടി. രക്തബാഗുകൾ നിർമിച്ച് വ്യാപകമാക്കി. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ശ്രീചിത്രയെ രാജ്യത്തെ എണ്ണം പറഞ്ഞ ആരോഗ്യ സ്ഥാപനങ്ങളിൽ ഒന്നാക്കി മാറ്റി.

 

             ആധുനിക വൈദ്യശാസ്ത്രത്തിന് മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ സംഭാവന. സാമ്പ്രദായികമായ രീതിയിൽ ആയുർവേദം അഭ്യസിക്കുകയും അതിന്റെ പ്രാധാന്യം പൊതുജനങ്ങളെയും അധികാരികളെയും ബോധ്യപ്പെടുത്താൻ അക്ഷീണം പ്രയത്നിക്കുകയും ചെയ്തു. അഷ്ടാംഗഹൃദയം അതീവ ചാരുതയോടെ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ജീവിത സായാഹ്നത്തിലും ആയുർവേദ ഗവേഷണ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ആശയ വികസനത്തിന് അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട് ഏതാനും മാസങ്ങൾക്ക് മുമ്പ് അദ്ദേഹവുമായി നടത്തിയ ടെലഫോൺ സംഭാഷണവും ഈ അവസരത്തിൽ ഓർക്കുകയാണ്. വൈദ്യശാസ്ത്രത്തിന് കേരളം നൽകിയ വലിയ സംഭാവനയാണ് എം.എസ് വല്യത്താൻ. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

പി.എൻ.എക്സ്. 2994/2024

 

date