Skip to main content

മലമ്പനി: കേരളത്തിന് പുറത്തുപോയി വരുന്നവർ മലമ്പനിക്കുള്ള  രക്തപരിശോധന നടത്തണം

 

ആലപ്പുഴ: കേരളത്തിന് പുറത്തു പോയി വരുന്നവരിലും അതിഥി തൊഴിലാളികൾക്കിടയിലും മലമ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ള സാഹചര്യത്തിൽ രോഗലക്ഷണങ്ങൾ സംശയിക്കുന്നവരും കേരളത്തിന് പുറത്തുനിന്ന് വരുന്നവരും  രക്തപരിശോധന നടത്തണമെന്ന് ജില്ല ആരോഗ്യ വിഭാഗം അറിയിച്ചു.   

ജൂലൈയിൽ നാല് കേസാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആന്ധ്രാപ്രദേശ്,  ജാർഖണ്ഡ്, ഒറീസ്സ എന്നിവിടങ്ങളിൽ നിന്നുമുള്ള അതിഥി തൊഴിലാളികൾക്കും ആഫ്രിക്കയിൽ നിന്നെത്തിയ ഒരാൾക്കുമാണ് രോഗബാധയുണ്ടായത്. ചിങ്ങോലി, ചേപ്പാട്, അരൂർ, വള്ളികുന്നം എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ തദ്ദേശീയമായ മലമ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ജാഗ്രത വേണം.
മലമ്പനിക്കുള്ള രക്തപരിശോധനയും മരുന്നും  എല്ലാ സർക്കാർ  പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്.  യഥാസമയം രോഗം കണ്ടെത്തി ചികിത്സ തേടുന്നത് രോഗം ഗുരുതരമാകാതെ തടയും. അതോടൊപ്പം രോഗബാധിതരിൽനിന്നും മറ്റുള്ളവരിലേക്കുള്ള രോഗപകർച്ച തടയുകയും ചെയ്യും. രോഗബാധിത പ്രദേശങ്ങളിൽ രോഗ നിയന്ത്രണ നിരീക്ഷണ പ്രവർത്തനങ്ങൾ  നടപ്പിലാക്കിവരുന്നുണ്ട്. രോഗികളുമായി  അടുത്ത സമ്പർക്കത്തിൽ വന്ന 48 പേരുടെ രക്തം പരിശോധനക്ക് വിധേയമാക്കി.  ഒരു കിലോമീറ്റർ ചുറ്റളവിൽ  ഉറവിട നശീകരണ പ്രവർത്തനങ്ങളും സ്പ്രേയിങ്ങ് , ഫോഗിങ്ങ് എന്നിവ നടത്തുകയും  ചെയ്തിട്ടുണ്ട്. പ്രദേശത്തുനിന്നും നിരീക്ഷണത്തിനായി പിടിച്ച 510 കൊതുകുകളിൽ മലമ്പനി പരത്തുന്ന അനോഫിലസ് സ്റ്റീഫൻസി കൊതുകുകളെ കണ്ടെത്തിയിട്ടില്ല.

രോഗം പകരുന്ന വിധം
രോഗാണുവാഹിയായ അനോഫിലസ്  പെൺകൊതുകുകൾ കടിക്കുമ്പോഴാണ് രോഗം പകരുന്നത്  രാത്രി സമയത്താണ് മലമ്പനി പരത്തുന്ന കൊതുകുകൾ കടിക്കുന്നത്. സാധാരണയായി രോഗാണു ശരീരത്തിൽ പ്രവേശിച്ച് ഒമ്പത് മുതൽ 14 ദിവസത്തിനകം മലമ്പനിയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. ഇടവിട്ടുള്ള ശക്തിയായ പനി, വിറയൽ, പനി മാറുമ്പോഴുള്ള അമിതമായ വിയർപ്പ് തലവേദന , ഓക്കാനം, ഛർദ്ദി വയറിളക്കം എന്നിവയാണ് സാധാരണ കണ്ടുവരുന്നത്. രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് സാധാരണ പനിയും തലവേദനയും മാത്രമായും രോഗലക്ഷണങ്ങൾ കാണാവുന്നതാണ്. യഥാസമയം കണ്ടെത്തി ചികിത്സ എടുത്തില്ലെങ്കിൽ   മലമ്പനി മാരകമാവാം

രോഗ നിർണ്ണയം
രക്തപരിശോധനയിലൂടെ

രക്ത പരിശോധനയിലൂടെ മലമ്പനി രോഗം നിർണയിക്കാൻ സാധിക്കും. എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി, പബ്ലിക് ഹെൽത്ത് ലബോറട്ടറി എന്നിവിടങ്ങളിൽ ഇതിനുള്ള സൗകര്യം ലഭ്യമാണ്. നിയന്ത്രണ പ്രതിരോധ മാർഗങ്ങൾ
രോഗനിർണയം നടത്തി ചികിൽസിക്കുക എന്നതാണ് രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ ഏറ്റവും പ്രധാനം. രോഗം തടയാൻ ഉറവിടനശീകരണമാണ് ഏറ്റവും ഫലപ്രദമായ മാർഗം. വെള്ള ശേഖരിച്ച് വയ്ക്കുന്ന ടാങ്കുകൾ, പാത്രങ്ങൾ മുതലായവ കൊതുകു കടക്കാത്ത വിധം ഭദ്രമായി അടച്ചുസൂക്ഷിക്കേണ്ടതാണ്. തുണിയോ വലയോ ഉപയോഗിച്ച് മൂടാവുന്നതാണ്. വെള്ളം കെട്ടിനിൽക്കാൻ ഇടയുള്ള സാഹചര്യങ്ങളില്ലായെന്ന് ആഴ്ചയിലൊരിക്കൽ ഉറപ്പുവരുത്തണം. കൊതുകുവളരാൻ  സാധ്യതയുള്ള എല്ലാ ജലശേഖരങ്ങളിലും ഗപ്പി ഗമ്പൂസിയ പോലുള്ള മത്സ്യങ്ങളെ നിക്ഷേപിക്കുകയും ചെയ്യേണ്ടതാണ്. ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും കൊതുകുവലയ്ക്കുള്ളിൽ കിടന്നുറങ്ങുന്നതും കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ കൊതുക് തിരികൾ എന്നിവ ഉപയോഗിക്കുന്നതും വ്യക്തിഗത സുരക്ഷാ മാർഗങ്ങളാണ് എയർഹോളുകൾ ,വാതിലുകൾ. ജനലുകൾ എന്നിവിടങ്ങളിൽ കൊതുക് കടക്കാത്ത വിധം കമ്പി വല അടിച്ചു സുരക്ഷിതമാക്കുന്നത് വളരെ ഫലപ്രദമാണ്.

date